എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ രണ്ടാമത്തെ പോക്‌സോ കേസിൽ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതിയാണ് കേസിൽ വിധി പ്രഖാപിച്ചത്. പോക്‌സോ കേസിൽ രണ്ടാം പ്രതിയായിരുന്നു മോൻസൺ മാവുങ്കൽ.
അതേസമയം ഒന്നാം പ്രതിയും മോൻസണിന്‍റെ മാനേജറുമായ ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. നിലവിൽ മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മോൺസൻ മാവുങ്കൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. വീട്ടുജോലിക്കാരിയുടെ പതിനേഴുകാരിയായ മകളെ മാനേജർ ജോഷി പീഡിപിച്ചു എന്നാണ് കേസ്.
2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വച്ച കുറ്റമാണ് മോൻസണിന്‍റെ പേരിലുള്ളത്. ഇതേ പെൺകുട്ടിയെ ബാലത്സംഗം ചെയ്‌ത കേസിൽ 2023 ജൂൺ 17ന് മോൻസൺ മാവുങ്കലിന് മൂന്നു ജീവപര്യന്തം കഠിനതടവും 5.25 ലക്ഷം രൂപ പിഴയും എറണാകുളം പോക്സോ കോടതി വിധിച്ചിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും 13 വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികചൂഷണത്തിന് കാഴ്‌ചവയ്‌ക്കുക, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ, നിർബന്ധപൂർവമുള്ള ഗർഭഛിദ്രം, തുടർച്ചയായി ബലാത്സംഗവും ലൈംഗികാതിക്രമവും, അന്യായ തടങ്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളിലായിരുന്നു ശിക്ഷ.
തുടർവിദ്യാഭ്യാസം, കുടുംബത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്നീ വാഗ്‌ദാനങ്ങൾ നൽകി പെൺകുട്ടിയുടെ നിസഹായവസ്ഥ ചൂഷണം ചെയ്‌തായിരുന്നു പീഡനം. കലൂർ വൈലോപ്പിള്ളി ലെയ്‌നിലെ മോൻസൺ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചായിരുന്നു പതിനേഴ് വയസുകാരിയെ പീഡിപ്പിച്ചത്.