പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ തിരുവല്ല സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. സി സി സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ തർക്കമുണ്ടായത്. ഇതിനു പിന്നാലെ സജിമോനെതിരെ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെടുകയായിരുന്നു.
സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്. സജിമോനെ യോഗത്തില്‍ നിന്ന് ഒഴിവാക്കി വേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സജിമോനെ ഇറക്കിവിട്ടാണ് യോഗം തുടര്‍ന്നത്.
കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഇടപെട്ടാണ് മുമ്പ് സജിമോനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്. 2023ല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെതായിരുന്നു പുറത്താക്കല്‍ നടപടി.
2017 ല്‍ വിവാഹിതയായ സ്‌ത്രീയെ ഗർഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടന്ന ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിക്കുകയും 2021ല്‍ വനിതാ നേതാവിന് ലഹരി മരുന്നു നല്‍കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കേസുകളിലാണ് സജിമോൻ പ്രതിയായത്.
ഇതിനിടെ സജിമോനെ തിരിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ഇയാൾക്കെതിരെ പോസ്‌റ്ററുകളും പ്രചരിക്കുകയാണ്. പീഡന വീരനെന്നും കൈക്കൂലിക്കാരനെന്നും പരാമർശമുള്ള പോസ്‌റ്റർ പൗരപസമിതിയുടെ പേരിലാണ് തിരുവല്ല നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ തിരുവല്ലയില്‍ പതിച്ചിട്ടുള്ള പോസ്‌റ്ററില്‍ പറയുന്നത് പോലൊരു പൗരസമിതി ഇല്ലെന്നാണ് ഏരിയ നേതൃത്വം നൽകുന്ന വിശദീകരണം. പോസ്‌റ്ററുകള്‍ പതിച്ചത് ആരാണ് എന്ന് അന്വേഷിക്കുമെന്നും രാഷ്‌ട്രീയ എതിരാളികള്‍ പാർട്ടിക്കെതിരെ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണിതെന്നും ഏരിയ നേതൃത്വം വിശദീകരിച്ചു.
പാർട്ടിയെയും തന്നെയും മനപ്പൂർവം അപമാനിക്കാനാണ് പോസ്‌റ്ററുകൾ പ്രചരിപ്പിക്കുന്നതെന്നു സി സി സജിമോൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങളാണ് പോസ്‌റ്ററില്‍ പറയുന്നത്. ചുവന്ന തിരുവല്ല എന്ന ഫേസ്ബുക്ക് പേജ് വഴിയും ഒരു വിഭാഗം കുറേക്കാലമായി വ്യാജ പ്രചരണം നടത്തുന്നുവെന്നും സജിമോൻ പ്രതികരിച്ചു.