ഒരാൾ മരിച്ച് കഴിഞ്ഞാൽ പിന്നെ ആരാണ് അയാളുടെ കാര്യത്തിൽ തീരുമാനമെടുക്കുക? തീർച്ചയായും ജീവിച്ചിരിക്കുന്നവർ എന്ന് തന്നെയാണ് മറുപടി. എന്നാൽ മരിച്ച് പോകുന്നവർ അങ്ങനെ എടുക്കാൻ തീരുമാനങ്ങളൊന്നും മറ്റുള്ളവർക്കായി മാറ്റിവച്ചിട്ടില്ലെങ്കിലോ? അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്‌തുകൊടുക്കേണ്ടത് ചുറ്റുമുള്ളവരുടെ ധാർമിക ഉത്തരവാദിത്തമാണ്. പക്ഷെ എല്ലായ്‌പോഴും കാര്യങ്ങൾ അത്ര എളുപ്പമാവാറില്ല.
നിലവിൽ ഇത്തരത്തിലൊരു വിവാദം കേരളത്തിൽ കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം നാല് ദിവസമായി സംസ്‌കാര ചടങ്ങുകൾ തീരുമാനമാവാതെ കിടന്നു. തന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി വിട്ടുനൽകണം എന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹം. എന്നാൽ മൃതദേഹം പള്ളിയിൽ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് മകൾ ആശ നൽകിയ ഹർജിയെ തുടർന്നാണ് പ്രതിസന്ധി ഉയർന്നത്. ജീവിച്ചിരിക്കുന്ന കാലം തൊട്ടേ അച്ഛന്‍റെ എതിർ രാഷ്ട്രീയ ചേരിയിൽ നിലയുറപ്പിച്ച ആശയുടെ ഈ അസാധാരണ നീക്കത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നൊക്കെ വിമർശനങ്ങൾ ഉയര്‍ന്നു.
ആദ്യമായല്ല കേരളം ഇത്തരം 'സംസ്‌കാര' വിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ആദ്യകാല നക്‌സലൈറ്റ് നേതാവ് ടിഎൻ ജോയിയുടെ (നജ്‌മൽ ബാബു) മരണാനന്തര ചടങ്ങുകളും ഇത്തരത്തിൽ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും വേദിയായിരുന്നു. ജോയിയുടെ മതം മാറ്റം തന്നെയായിരുന്നു പ്രശ്‌നങ്ങളുടെ പ്രധാന ആധാരം. മരണത്തിന് അഞ്ച് വർഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്ന ജോയ് മരണ സമയത്ത് നജ്‌മൽ ബാബു ആയിരുന്നു. താൻ മരിക്കുമ്പോൾ ചേരമാൻ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ സംസ്‌കരിക്കണമെന്ന് സുഹൃത്തുക്കൾക്ക് ജോയ് കത്തെഴുതിയിരുന്നു.
എന്നാൽ, മൃതദേഹം വീട്ടിൽ സംസ്‌കരിക്കാൻ സഹോദരങ്ങളും കുടുംബാംഗങ്ങളും തീരുമാനിച്ചു. ഇതിനെതിരെ ജോയിയുടെ സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധിച്ചു. മൃതദേഹം ചേരമാൻ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർഡിഒയ്ക്ക് പരാതി നൽകി.
അതേസമയം മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ടിഎൻ പ്രേമചന്ദ്രൻ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് ജില്ല കലക്‌ടർ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്ക് അനുമതി നൽകി. 2018 ഒക്ടോബർ 2 ന് മൃതദേഹം മേത്തലയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മൃതദേഹം പബ്ലിക് പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് തറവാട്ടു വീട്ടിലേക്ക് സംസ്‌കരിക്കാൻ തുടങ്ങിയപ്പോൾ ചിലർ ആംബുലൻസിന് മുന്നിൽ ചാടി തടയാൻ വരെ ശ്രമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ച മറ്റൊരു മരണമായിരുന്നു എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടേത്. ജീവിച്ചിരിക്കുന്ന കാലത്ത് വിവാദങ്ങളെ പിന്തുടർന്ന നായകനെ മരണശേഷം വിവാദങ്ങൾ പിന്തുടരുകയായിരുന്നു. 2017 ഒക്ടോബർ 27 നായിരുന്നു പുനത്തിലിന്‍റെ മരണം. പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ഇസ്‌ലാമിക സംസ്‌കാരം സംബന്ധിച്ച നിലപാടുകൾ ഉയർത്തിക്കാട്ടി മൃതദേഹം ഹൈന്ദവ ആചാരപ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ അനുകൂലികൾ രംഗത്തെത്തി. മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്‌മം നദിയിൽ ഒഴുക്കണമെന്നും കുഞ്ഞബ്‌ദുള്ള വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു എന്നായിരുന്നു ഇവരുടെ വാദം. നിരവധി വാഗ്വാദങ്ങൾക്ക് ശേഷം പുനത്തിലിനെ മടപ്പള്ളി ജുമാമസ്‌ജിദിൽ ഖബറടക്കി.
പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണിന്‍റേതാണ് (മധു ജ്യോത്സന അഖൗരി) വാർത്തകളിൽ നിറഞ്ഞു നിന്ന മറ്റൊരു മരണം. 2016 ജൂൺ 3 ന് മുംബൈയിൽ വച്ചായിരുന്നു ഇവരുടെ മരണം. കുമരകം ആറ്റാമംഗലം സെൻ്റ് ജോൺസ് പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കണമെന്നായിരുന്നു മലയാളിയായ മേരി ജോണിൻ്റെ ആവശ്യം. പക്ഷേ നാട്ടിലെ പള്ളിക്കാർ അനുവദിച്ചില്ല. കുമരകം സ്വദേശിനിയായ മേരി ജോൺ വിവാഹശേഷം മധു ജ്യോത്സ്ന അഖൗരി എന്ന പേര് സ്വീകരിച്ച് ഹിന്ദുമതം അനുസരിച്ച് ജീവിക്കുകയായിരുന്നു. അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പ്രിയങ്ക ചോപ്രയും സഹോദരനും അമ്മയും കേരളത്തിലെത്തിയെങ്കിലും മുത്തശ്ശി ആഗ്രഹം പറഞ്ഞ പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടത്താൻ പള്ളിക്കാരോ നാട്ടുകാരോ സമ്മതിച്ചില്ല.