എറണാകുളം : നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തെ തുടര്‍ന്ന് മൃതദേഹവുമായി പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് (മാര്‍ച്ച് 6) വിധി പറയും. അതോടൊപ്പം അറസ്റ്റിലായ മറ്റ് 12 പ്രവര്‍ത്തകര്‍ക്കെതിരായ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. എംഎല്‍എ മാത്യു കുഴല്‍നാടന്‍, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവരടക്കമുള്ള നേതാക്കളാണ് പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായത്.
കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റിലായ നേതാക്കളെ രണ്ട് ദിവത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻ്റെ ആവശ്യം. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, ആരോഗ്യ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തൽ, പൊലീസിനെ അക്രമിക്കൽ തുടങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചൊവ്വാഴ്‌ച (മാര്‍ച്ച് 5) പുലര്‍ച്ചെയോടെയാണ് ഇരുവര്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ 11 മണിയോടെ വീണ്ടും ഹാജരാകാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചിരുന്നു.
കാട്ടാന ആക്രമണത്തിന് പിന്നാലെ കടുത്ത പ്രതിഷേധം: മാര്‍ച്ച് 4ന് രാവിലെയാണ് നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരവേലി സ്വദേശിയായ ഇന്ദിര കൊല്ലപ്പെട്ടത്. കൂവ വിളവെടുത്ത് കൊണ്ടിരിക്കേയാണ് ഇന്ദിര കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വച്ചായിരുന്നു ആക്രമണം.
സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയുടെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
കോതംഗലത്ത് എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളിയും മാത്യു കുഴൽനാടനും ഉപവാസ സമരവും നടത്തി. സമരത്തിന് പിന്നാലെ കോതമംഗലത്തെ ചായക്കടയിലെത്തിയപ്പോഴാണ് പൊലീസെത്തി അറസ്റ്റ് ചെയ്‌തത്. രാത്രി 11 മണിയോടെയായിരുന്നു അറസ്റ്റ്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചിരുന്നു.
മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ അറസ്റ്റിന് പിന്നാലെയുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും എംഎല്‍എ മാത്യു കുഴല്‍നാടനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.