തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി നാളെ (മാര്‍ച്ച് 13) രാജ്ഭവന് മുന്നിൽ കോണ്‍ഗ്രസ് പ്രതിഷേധം (Congress Protest Against CAA In Raj Bhavan). ഉച്ചയ്‌ക്ക് 12 മണി മുതല്‍ രണ്ട് മണി വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധ ധര്‍ണയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു (MM Hassan). രാവിലെ 10 മണിക്ക് ചേരുന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും സംയുക്ത യോഗത്തിന് ശേഷമാണ് രാജ്‌ഭവന് മുന്നിലെ പ്രതിഷേധം.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് സ്റ്റണ്ട് ആണ്. തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ഗവൺമെന്‍റിന്‍റെ ശ്രമം. നിയമം നടപ്പിലാക്കുന്നത് ഭരണഘടനാവിരുദ്ധമായാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും എംഎം ഹസ്സൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഇന്നും യുഡിഎഫ് പ്രതിഷേധം നടത്തുകയാണ്. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് യുഡിഎഫിന്‍റെ പ്രതിഷേധം. കേന്ദ്രസര്‍ക്കാരിന്‍റെ സിഎഎ വിജ്ഞാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, എംഎല്‍എ രമേശ് ചെന്നിത്തല എന്നിവര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പൗരത്വ ഭേദഗതി പ്രാബല്യത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്‌തത്. ഇതിന് പിന്നാലെ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കേരളം ഒന്നിച്ച് നില്‍ക്കുമെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു (Protest Against CAA In Kerala).
അതേസമയം, മുഖ്യമന്ത്രി അറിയിച്ചത് നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ പ്രമേയമാണെന്ന് എംഎം ഹസ്സൻ അഭിപ്രായപ്പെട്ടു. നേരത്തെ ഇതേ വിഷയത്തില്‍ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളുമാണ് കേരളത്തില്‍ നടന്നത്. പൗരത്വ നിയമത്തിനെതിരായി നടത്തിയ ഈ പ്രക്ഷോഭങ്ങളിൽ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാല്‍, കേസുകളൊന്നും ഇതുവരെ പിൻവലിച്ചിട്ടില്ല. ആത്മാർത്ഥതയുണ്ടെങ്കിൽ കേസുകൾ മുഖ്യമന്ത്രി പിൻവലിക്കണമെന്നും എംഎം ഹസ്സൻ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ സംയുക്ത യോഗം ചേരുന്നത്. കെപിസിസി പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലാണ് യോഗമെന്നും അദ്ദേഹം അറിയിച്ചു.