കാസർകോട് : ഫണ്ട് പിരിക്കാൻ ഇനി ബക്കറ്റ് എടുക്കേണ്ട.. ഒരു കുടുംബത്തിന് മൂന്ന് വീതം വാഴക്കന്ന് നൽകും. വാഴ കുലച്ചാൽ രണ്ട് കുല വിറ്റ പണം സംഘാടകർക്കും ഒരെണ്ണം കൃഷി ചെയ്‌തയാൾക്കും നൽകും. കോൺഗ്രസിന്‍റെ ഫണ്ട് പിരിവിനുള്ള പുതിയ ആശയത്തിന് പ്രവർത്തകരുടെയും നാട്ടുകാരുടെയും നിറഞ്ഞ കയ്യടി.
സ്വാതന്ത്ര്യ സമര സേനാനി അടുക്കാടുക്കം കൃഷ്‌ണൻ നായരുടെ 25-ാം ചരമ വാർഷിക പരിപാടിക്ക് ഫണ്ട് കണ്ടെത്താനാണ് വേറിട്ട ആശയവുമായി കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നൂറ്റിപ്പത്ത് കുടുംബങ്ങൾക്ക് നേന്ത്ര വാഴക്കന്ന് വിതരണം ചെയ്‌തത്.
സംഘാടക സമിതി ചെയർമാനും ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റുമായ സുകുമാരൻ പൂച്ചക്കാട് നേതൃത്വം നൽകി. വാഴ കൃത്യമായി പരിപാലിക്കുമെന്ന് ഉറപ്പുള്ളവർക്കാണ് സൗജന്യമായി കന്ന് നൽകിയത്. ഓരോ മാസവും വളർച്ചയെ കുറിച്ച് അന്വേഷിക്കും. ആരുടെയെങ്കിലും നശിച്ചു പോയാൽ കന്ന് മാറ്റി നൽകും. ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കാൻ ആയിരുന്നു നിർദേശം. 9 മാസം ആകുമ്പോഴേക്കും വാഴകൾ കുലച്ചു തുടങ്ങി.
ആദ്യ വിളവെളടുപ്പ് കർഷകനായ കരുവാക്കോട്ടെ കൃഷ്‌ണന്‍റെ പറമ്പിൽ നിന്നായിരുന്നു. പിന്നീട് അങ്ങോട്ട് വിളവെടുപ്പ് കാലം. പല കുടുംബങ്ങളും മൂന്നു നേന്ത്ര കുലകളും സന്തോഷത്തോടെ സംഘാടകർക്ക് തന്നെ നൽകി.
വിളവെടുപ്പിന് സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, കൺവീനർ ടി അശോകൻ നായർ, പഞ്ചായത്ത് അംഗം ജയശ്രീ മാധവൻ, ഷൺമുഖൻ കരുവാക്കോട്, പ്രസാദ് പുതിയവളപ്പ് എന്നിവർ നേതൃത്വം നൽകി.
നാട്ടുകാർ സഹകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നു സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഇടിവി ഭാരതിനോട് പറഞ്ഞു. അടുത്ത ഒക്ടോബറിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ സമാപനം നടക്കും. ഏതായാലും ഫണ്ട് പിരിക്കാൻ കോൺഗ്രസിന്‍റെ വാഴക്കന്ന് ആശയം ഹിറ്റായി മാറി.