തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈബി ഈഡനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊച്ചിയിലെ കോൺഗ്രസ് വനിത നേതാവുമായ സിമി റോസ്ബെല്ലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിമി ഇസബെല്‍ ജോണിന്‍റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ നടപടി. വനിത നേതാക്കൾക്ക് പാർട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ നേതാക്കളിൽ നിന്ന് സ്‌പോൺസർഷിപ്പ് ആവശ്യമാണെന്ന് ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സിമി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിലെ വനിത നേതാക്കളും പിസിസി വനിത ഭാരവാഹികളും മഹിള കോൺഗ്രസ് അധ്യക്ഷയും സംയുക്തമായി നൽകിയ പരാതിയിലാണ് സിമി ഇസബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിമി റോസ്ബെൽ ജോണിനെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്‍ കെ സുധാകരൻ നടപടിയെടുത്തതെന്ന് ജനറൽ സെക്രട്ടറി എം ലിജു പ്രസ്‌താവനയിൽ പറഞ്ഞു.
കോൺഗ്രസിന്‍റെ ലക്ഷക്കണക്കിന് വനിത നേതാക്കളെയും പ്രവർത്തകരെയും അപകീർത്തിപ്പെടുത്താനും മാനസികമായി പീഡിപ്പിക്കാനും വേണ്ടിയാണ് സിമി ആരോപണം ഉന്നയിച്ചതെന്ന് പാർട്ടി നേതൃത്വം ആരോപിച്ചു. അതേസമയം, അന്തസും അഭിമാനവുമുള്ള സ്‌ത്രീകൾക്ക് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് നടപടിയോട് പ്രതികരിച്ചുകൊണ്ട് സിമി റോസ്‌ബെല്‍ പറഞ്ഞു. താൻ സിപിഎമ്മുമായി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെടുത്തലെന്ന ആരോപണങ്ങള്‍ തെളിയിക്കാൻ പാർട്ടി നേതൃത്വത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും അവർ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.