തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ തിരുവനന്തപുരം നഗരസഭ റെയിൽവേയോട് ആവശ്യപ്പെടും. ബിജെപി കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ജോയിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ കൗൺസിൽ തീരുമാനിച്ചത്. ജോയിയുടെ കുടുംബാംഗങ്ങൾക്ക് നഗരസഭ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിനിടെ ബിജെപി പ്രതിഷേധം ഉയർത്തിയിരുന്നു.
ബാനറുകളും ഫ്ലക്‌സ് ബോർഡുകളും ഉയർത്തി കൗൺസിൽ യോഗത്തിനിടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. ഇതിനിടെ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് ഡിആർ അനിൽ വാക്കാൽ പ്രമേയം അവതരിപ്പിക്കുയായിരുന്നു.
ഇതിനിടെ മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങി പോയിരുന്നു. തുടർന്ന് ഭരണകക്ഷി ഏക പക്ഷീയമായി പ്രമേയം പാസാക്കുകയായിരുന്നു. അതേസമയം ജോയിക്ക് വീട് വച്ച് നൽകാനും ഇന്ന് (ജൂലൈ 19) ചേർന്ന കൗൺസിൽ യോഗത്തില്‍ തീരുമാനമായി.
Also Read: ജോയിയുടെ മാതാവിന് പത്ത് ലക്ഷം; നഷ്‌ടപരിഹാരത്തിന് മന്ത്രിസഭ തീരുമാനമായി