ഇടുക്കി : കുറഞ്ഞ അളവിൽ ജലം ഉപയോഗിച്ച് ഉയർന്ന കാര്‍ഷിക ഉത്പാദനം സാധ്യമാക്കുന്നതിനായി സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന കെഎം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തെ കാര്യക്ഷമായി പ്രതിരോധിക്കാനും കുറച്ച് വെള്ളമുപയോഗിച്ച് കൂടുതല്‍ കാര്‍ഷിക ഉത്പാദനം ഉറപ്പാക്കുന്നതിനും പര്യാപ്‌തമായ പദ്ധതിയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി. മൈക്രോ ഇറിഗേഷന്‍ വഴി വിളകള്‍ക്ക് വേണ്ട ജലം ആവശ്യസമയത്ത് അവയുടെ വേരുപടലങ്ങളില്‍ കൈമാറ്റനഷ്‌ടം കൂടാതെ എത്തിക്കാനാവും.
കൂടാതെ വളപ്രയോഗം ജലത്തിലൂടെ നല്‍കാന്‍ സാധിക്കുന്നത് വഴി കുറഞ്ഞ അളവിലുള്ള വളപ്രയോഗം മതിയാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പദ്ധതി നടപ്പാക്കുകയും വന്‍വിജയം കാണുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിളവ് ലഭിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി കേരളത്തില്‍ എല്ലായിടങ്ങളിലും നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
3.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെത്തുടര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നതിന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനെ ചുമതലപ്പെടുത്തുകയും ഇ ടെന്‍ഡര്‍ നടപടികളിലൂടെ കരാര്‍ നല്‍കുകയും ചെയ്യുകയായിരുന്നു. പ്രദേശത്തെ 47 ഏക്കര്‍ ഏലം കൃഷിക്ക് സുസ്ഥിര ജലസേചനം നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി 10 മീറ്റര്‍ വ്യാസവും 10 മീറ്റര്‍ ആഴവുമുള്ള കിണര്‍, ഒന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് എന്നിവയുടെ നിര്‍മാണവും, 270 ചതുരശ്ര അടി വലിപ്പത്തിലുള്ള രണ്ട് പമ്പ് ഹൗസുകളുടെ നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വേനല്‍ക്കാലത്തും കിണറിലേക്കുള്ള ജലലഭ്യത ഉറപ്പാക്കുന്നതിന് തോടിന് കുറുകെ തടയണ നിര്‍മിക്കും. കിണറില്‍ നിന്നും ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്‌ത് ആവശ്യാനുസരണം കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കും. ഓരോ കൃഷിയിടത്തിലും ജലസേചനസൗകര്യം എത്തിക്കുന്നതിന് പിവിസി പൈപ്പുകള്‍, ജലസേചന കുഴലുകള്‍, നിയന്ത്രണ വാല്‍വുകള്‍, വളപ്രയോഗത്തിനുള്ള വെന്‍ച്യൂറി വാല്‍വുകള്‍, വെള്ളത്തിന്‍റെ അളവ്, മര്‍ദം എന്നിവ അളക്കുന്ന മീറ്ററുകള്‍ തുടങ്ങിയവ ഓരോ കൃഷിയിടത്തിലും സ്ഥാപിക്കും.
കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്ട്രോണിക് വാല്‍വുകള്‍ വഴിയാണ് വെള്ളത്തിന്‍റെ വിതരണം നിയന്ത്രിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ കാര്‍ഷിക വിളകളുടെയും നാണ്യവിളകളുടെയും ഉത്‌പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. അതുവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും.
ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്‌ത ഗുണഭോക്താക്കളായ കര്‍ഷകരുടെ സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ആദ്യ മൂന്ന് വര്‍ഷം വരെയുള്ള അറ്റകുറ്റപ്പണികള്‍ നിര്‍വഹണ ഏജന്‍സി തന്നെ നടത്തും. ഈ കാലയളവില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനവും നിര്‍വഹണ ഏജന്‍സി നല്‍കും. എട്ട് മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും.