കണ്ണൂർ: കണ്ണൂർ കൊളചേരിയിലെ നിത്യ കൃഷ്‌ണൻ എന്ന പ്രീപ്രൈമറി അധ്യാപികയുടെ വീട്ടിലെത്തിയാല്‍ ആരും ഒന്ന് അതിശയിക്കും. കാരണം എന്തെന്നല്ലേ..? പാഴെന്നു പറഞ്ഞ് നാം വെറുതെ തൂക്കി വില്‍ക്കുന്നതൊന്നും നിത്യയ്ക്ക് വെറും പാഴല്ല. അവയ്ക്കെല്ലാം ജീവന്‍ കൊടുക്കാന്‍ നിത്യയ്ക്കാവും. പാഴ്വസ്‌തുക്കള്‍ ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ശില്‍പങ്ങളും രൂപങ്ങളും നിര്‍മ്മിച്ച് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് നിത്യ.
പഴയ പത്രം മുതൽ വീട്ടിൽ ഉപേക്ഷിക്കുന്ന ചിരട്ട വരെ നിത്യ കൃഷ്‌ണന് അവശ്യ വസ്‌തുവാണ്. ചിരട്ട കൊണ്ടുള്ള രൂപങ്ങൾ ആണ് നിത്യ ഏറെയും നിര്‍മ്മിക്കുന്നത്. നിത്യയുടെ കൈയിലെത്തിയാൽ ചിരട്ടകളുടെ തലവര മാറും. പിന്നീട് അവ ആന, തോണി, കൊക്ക്, വീട്ടു മുറ്റത്തെ കിണർ, വിവിധയിനം കപ്പുകൾ എന്നിവയൊക്കെ ആയി മാറും. കുട്ടിക്കാലം മുതലുളള കലാവാസനയാണെങ്കിലും കൊവിഡ് മഹാമാരികാലത്താണ് നിത്യ ശില്‍പങ്ങളുടെയും രൂപങ്ങളുടെയും നിര്‍മ്മാണം സജീവമാക്കിയത്.
ചിരട്ട കൊണ്ട് ഒരു പുട്ട് മേക്കർ, അതിൽ നിന്നായിരുന്നു തുടക്കം. പിന്നീട് ചിരട്ടയില്‍ ഒരുക്കാൻ കഴിയുന്ന രൂപങ്ങൾ കൊണ്ട് നിത്യയുടെ വീട് നിറഞ്ഞു. കൊളചേരിയിലെ നിത്യയുടെ വീട്ടിൽ പോയാല്‍ ചിരട്ട കൊണ്ടുണ്ടാക്കിയ നൂറിലധികം രൂപങ്ങൾ കാണാന്‍ സാധിക്കും (Nithya Krishnan, A Pre-Primary Teacher In Kannur Kolacheri).
ജോലി കഴിഞ്ഞുള്ള സമയങ്ങളിലാണ് നിത്യ ചിരട്ടയിൽ ശില്‍പങ്ങൾ തീർക്കുന്നത്. രണ്ടാഴ്‌ച മുതൽ ഒരു മാസം വരെ സമയം എടുത്താണ് ഓരോ ശില്‍പങ്ങളും പൂർത്തീകരിക്കുന്നത്. തനിക്ക് ആവശ്യമായ ചിരട്ടകൾക്ക് വേണ്ടി വീട്ടിലേക്ക് വാങ്ങുന്ന തേങ്ങയുടെ വലിപ്പം പരിശോധിച്ചാണ് നിത്യ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് ചിരട്ടകൾ മുറിച്ചെടുക്കും. ഫ്ലക്‌സ് ക്വിക് പശ ഉപയോഗിച്ച് ഒട്ടിച്ചു ചേർക്കും. മുറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ചിരട്ട പൊടിയും നിത്യ കളയാറില്ല. അഴകിന് വേണ്ടി അവയും ചേർക്കും. തുടർന്ന് പെയിന്‍റ് ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പങ്ങളെല്ലാം മനോഹരമാക്കും. വഴിയോര കടകളിലേക്ക് സംഭാരം നൽകാൻ ഇതിനകം നിരവധി ചിരട്ട കപ്പുകൾ നിത്യ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്.
ഇന്ന് സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷിച്ചു കാത്തിരിക്കുകയാണ് ഈ വനിത. അവാർഡിന് വേണ്ടി ചിരട്ടയിൽ നിർമിച്ചതാകട്ടെ ഒറിജിനലിനെ വെല്ലുന്ന പൈനാപ്പിളും. 33 ചിരട്ടകളാണ് ഇതിനായി നിത്യ ഉപയോഗിച്ചിരിക്കുന്നത്. കുടുംബം നല്‍കുന്ന പ്രോത്സാഹനം തന്നെയാണ് നിത്യയുടെ ഈ മനോഹര നിര്‍മ്മിതികള്‍ക്ക് പിന്നില്‍.