കോട്ടയം : ഉപതെരഞ്ഞെടുപ്പ് ജനങ്ങൾ എൽഡിഎഫിനൊപ്പമെന്ന് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജമാഅത്തെ ഇസ്‌ലാമിയ്‌ക്ക് എതിരെ മുഖ്യമന്ത്രി ആരോപണം ആവർത്തിച്ചു.
'എന്തൊരു വീറോടയായിരുന്നു യുഡിഎഫിന്‍റെ വാദങ്ങൾ, ഏതെല്ലാം തരത്തിലാണ് അവർ പ്രചരണം നടത്തിയത്. ചേലക്കര പിടിച്ചെടുക്കും. കേരളത്തിൽ എൽഡിഎഫിന്‍റെ കൂടെയല്ല ജനങ്ങൾ. തങ്ങളുടെ കൂടയാണെന്ന് ചേലക്കര തെളിയിക്കുമെന്ന് പറഞ്ഞില്ലെ.
2016 ൽ അവിടെ മത്സരിച്ച സ്ഥാനാർഥി യു ആർ പ്രദീപ് തന്നെയാണ് ഇത്തവണയും അവിടെ മത്സരിച്ചത്. 2016 ൽ അദ്ദേഹത്തിന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടും ഭൂരിപക്ഷവും ഈ തെരഞ്ഞെടുപ്പിന് ലഭിച്ചു.
അതേ സമയം 2011 ലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഇത്തവണ ചേലക്കരയിൽ മത്സരിച്ചത്. അന്ന് ലഭിച്ചത്ര വോട്ടുപോലും അവർക്ക് നേടാൻ കഴിഞ്ഞില്ല. മികവാർന്ന ജയമാണ് എൽഡിഎഫ് നേടിയത്. ഇതിൽ നിന്ന് മനസിലാക്കാൻ കഴിയും ജനങ്ങൾ ആർക്കൊപ്പമെന്ന്' -മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'പാലക്കാടും വയനാടും ഞങ്ങൾ തോറ്റിറ്റുണ്ട്. നേരത്തെയും തോറ്റിറ്റുണ്ട്. ഞങ്ങൾ അത് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ജയം എങ്ങനെ വേണമെന്നുള്ളതാണ് പ്രശ്‌നം.
വർഗീയ ശക്തികളെ കൂടെചേർത്തു കൊണ്ട് ജയിച്ചാൽ ആ ജയത്തിന് മാറ്റ് കൂടുമോ? അതോണോ ഈ രാജ്യത്ത് സ്വീകരിക്കേണ്ടത്. വർഗീയത നാട് രണ്ടാക്കുന്ന ആപത്താണെന്ന് തിരിച്ചറിയേണ്ടേ?' എന്ന് മുഖ്യമന്ത്രി ചേദിച്ചു.
'വയനാട്ടിൽ കോൺഗ്രസിന്‍റെ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയാണ് വന്ന് മത്സരിച്ചത്. അവിടെ ജമാഅത്തെ ഇസ്‌ലാമി പരസ്യമായി പിന്തുണ കൊടുത്തു. എന്താണ് കോൺഗ്രസിന്‍റെ നിലപാട്, എന്താണ് എസ്‌ഡിപിഎ നിലപാട്. എന്ന് കോൺഗ്രസ് വ്യക്തമാക്കണ്ടേ?' എന്ന് മുഖ്യമന്ത്രി ചോദിച്ചു.
'പാലക്കാട്ടെ വിജയത്തിന്‍റെ കാര്യം പറയുമ്പോൾ വോട്ടെണ്ണിയാണ് എസ്‌ഡിപിഐ പറയുന്നത്. എത്രവോട്ടാണ് എസ്‌ഡിപിഐ നൽകിയതെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് പരസ്യമായി വിളിച്ചുപറയുകയാണ് ചെയ്‌തത്. ഇത് അഭിമാനിക്കാൻ വക നൽകുതാണോ? നാടിന് ഗുണകരമാണോ?, നാടിന്‍റെ ഭാവിക്ക് ചേർന്നതാണോ?' എന്നും മുഖ്യമന്ത്രി ചോദിച്ചു.
'നിങ്ങൾ ഒരു വർഗീയതയെ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് സഹായിക്കുന്ന അവസ്ഥ വരുമ്പോൾ അവർ കൂടുതൽ കരുാത്താർജിക്കുകയാണ് ചെയ്യുക' എന്നും അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ട് നിങ്ങൾക്ക് മറ്റൊരു നിലപാട് സ്വീകരിക്കാനാവുന്നില്ല. ഞങ്ങൾ ഒരു ഘട്ടത്തിൽ പരസ്യമായ നിലപാടെടുത്തിരുന്നു.
മുൻപ് തലശ്ശേരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിൽ ഒരു പ്രശ്‌നം ഉയർന്നുവന്നു. അന്ന് സഖാവ് ഇഎംഎസ് പരസ്യമായി മറുപടി പറഞ്ഞു. ഞങ്ങൾക്ക് ആർഎസ്‌എസിന്‍റെ വോട്ടുവേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് രാഷ്‌ട്രീയ ആർജവം. ആ രാഷ്‌ട്രീയ ആർജവം കാണിക്കണം. വർഗീയതയുടെ ഓരം പോയി നിൽക്കരുത്. അവരുടെ സഹായം വാങ്ങി ജയിക്കലല്ല പ്രധാനമെ'ന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പരാജയ കാരണങ്ങൾ വിലയിരുത്തി സ്ഥാനാര്‍ഥികള്‍