തിരുവനന്തപുരം : ഒരു മാസത്തിലേറെയായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന അന്‍വര്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണിക്കൂര്‍ 40 മിനിട്ട് നീണ്ടു നിന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇടതുമുന്നണി എംഎല്‍എ പി വി അന്‍വര്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കേണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുമെങ്കിലും അതിന്‍റെ റിപ്പോര്‍ട്ട് വരുന്നതു വരെ ആരേയും സ്ഥാനത്തു നിന്ന് മാറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും പൊലീസും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. പി ശശി സംസ്ഥാന കമ്മിറ്റി അംഗമാണ്. മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു പരിശോധനയും ആവശ്യമില്ല. അന്‍വറോ ആരെങ്കിലുമോ നല്‍കുന്ന പരാതിയില്‍ അതേപോലെ സ്വീകരിച്ച നടപടിയെടുക്കാനല്ല ശശി ആ ഓഫിസിലിരിക്കുന്നത്. നിയമപരമല്ലാത്ത എന്തെങ്കിലും കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചിട്ടുണ്ടാവില്ല. അങ്ങനെ നടപടി സ്വീകരിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കാൻ കഴിയില്ല.
പി വി അൻവറിന്‍റെ പരാതികൾ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയ ശേഷം പരസ്യപ്പെടുത്തണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ശശിക്കെതിരെ ഉയർന്ന സ്വർണ്ണക്കടത്ത് ആരോപണം ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുന്നു.
ഫോണ്‍ സംഭാഷണങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നത് ശരിയായ രീതിയല്ല. ഫോണ്‍ വിളിയുടെ ശബ്‌ദരേഖ പുറത്തു വിടുന്നതും ശരിയായ രീതിയല്ല. അന്‍വറിന്‍റേത് ഇടതുപക്ഷ പശ്ചാത്തലമല്ല. അന്‍വര്‍ പരാതി പറയേണ്ടിയിരുന്നത് പാര്‍ട്ടിയോടായിരുന്നു. ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച അന്‍വറിനോട് നേരിട്ട് വന്ന് പറയാന്‍ അറിയിപ്പ് നല്‍കിയിരുന്നു. അൻവറിന്‍റെ പശ്ചാതലം ഇടതുപക്ഷ പശ്ചാത്തലമല്ല. കോൺഗ്രസിൽ നിന്നാണ് അൻവർ ഇടതുപക്ഷത്ത് എത്തിയത്.
നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു മുഖ്യമന്ത്രി ഇന്ന് വിശദമായ വാര്‍ത്താസമ്മേളനം നടത്തിയത്. കേരളത്തിന്‍റെ പൊതു മണ്ഡലത്തിലേക്ക് പി വി അന്‍വര്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം പാര്‍ട്ടി അന്‍വറിനൊപ്പമില്ല എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശശിക്കെതിരായ ആരോപണം അവജ്ഞയോടെ തള്ളുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കൂ. നിയമ വിധേയമല്ലാത്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്കെത്തിക്കില്ല. ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ആരേയും സ്ഥാനത്തു നിന്ന് മാറ്റില്ല. ആരോപണങ്ങള്‍ അന്വേഷിക്കും. അതിന്‍റെ പേരില്‍ പൊലീസിനെ നിര്‍വീര്യമാക്കാന്‍ അനുവദിക്കില്ല.
സ്വര്‍ണക്കടത്ത് തടയാന്‍ ഇനി പരിശോധനകള്‍ വേണ്ട എന്ന അഭിപ്രായം പാടില്ല. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് പിടിക്കപ്പെടുന്നു. ഇതില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ അസംതൃപ്‌തരാണ്. എന്നുവച്ച് ഇനി കള്ളക്കടത്ത് പൊലീസ് തിരിഞ്ഞു നോക്കേണ്ട എന്ന് ആര്‍ക്കും പറയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരിതാശ്വാസ ചെലവ് കണക്കില്‍ മാധ്യമങ്ങള്‍ നടത്തിയ വ്യാജ പ്രചാരണത്തിനെതിരെ സര്‍ക്കാര്‍ നിയമ നടപടി കൈക്കൊള്ളുമെന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ലഭിക്കരുതെന്ന അജണ്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കുണ്ടെന്ന് സംശയിക്കുന്നതായും ഇത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എഡി ജിപി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി അടിക്കടി കൂടിക്കാഴ്‌ച നടത്തിയതിനെക്കുറിച്ചും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനേയും നിയോഗിക്കുന്ന രീതി സിപിഎമ്മിനില്ല. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയുണ്ടാവും.
വയനാട് ദുരിതാശ്വാസ സഹായത്തിനായി കേന്ദ്രത്തിന് സംസ്ഥാനം നൽകിയ മെമോറാണ്ടം ദുരന്തമുഖത്ത് സർക്കാർ ചെലവാക്കിയ തുകയാണെന്ന് തരത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ ഒരു മണിക്കൂർ നീണ്ടു നിന്ന രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഗൂഢലക്ഷ്യമുള്ള വാർത്തയാണ് പ്രചരിപ്പിച്ചതെന്നും സഹായം തടയാനാണോ ഈ നീക്കമെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർ പൂരം അലങ്കോലമാക്കിയതിൽ നൽകിയ വിവരാവകാശ രേഖ വസ്‌തുതപരമല്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടും തെറ്റായ വിവരം നൽകിയതിനാലാണ് അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്‌പിയുമായ എം എസ് സന്തോഷിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം കലക്കിയതിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എഡിജിപി - ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് പൊലീസുകാരെ അയക്കുന്ന ശീലം വച്ചാകും പ്രതിപക്ഷ നേതാവ് അതു പറഞ്ഞത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി പൊലീസുകാരെ ഉപയോഗിക്കുന്ന ശീലം സർക്കാരിനില്ല. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസിന്‍റെ പാരമ്പര്യമാണെന്ന് മുന്‍ ഡിജിപി ജയറാം പടിക്കലിന്‍റെ പുസ്‌തകത്തില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആരോപിച്ചു. ഉയർന്നു വന്ന പ്രശ്‌നത്തെ സർക്കാർ ഗൗരവമായി തന്നെയാണ് കാണുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ബാക്കി നടപടി സ്വീകരിക്കും. ഔദ്യോഗിക പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ രാഷ്ട്രീയ നേതാക്കളെ കണ്ടാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായി ആദ്യ ഘട്ട വിലയിരുത്തലാകും എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടത്തുക. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ബാക്കി നടപടി. ആരോപണങ്ങളുടെ പേരിൽ മാത്രം ഒരുദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.