തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ മോദി സെൽഫി പോയിന്‍റ് സ്ഥാപിക്കാനുള്ള (Modi selfie points at ration store) നിർദേശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) നിയമസഭയിൽ പറഞ്ഞു. ഈ വിധത്തിലുള്ള പ്രചരണം സംസ്ഥാന സർക്കാർ പിന്തുണയ്ക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രമാണിച്ച് നടത്തുന്ന പ്രചരണമാണിത്.
തെരഞ്ഞെടുപ്പ് കമ്മിഷനെയും കേന്ദ്ര സർക്കാരിനെയും വിയോജിപ്പ് അറിയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രിയും അറിയിച്ചു.
കഴിഞ്ഞ മാസം വരെ റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ കൊടുത്തുവെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിലും നിയമസഭയിൽ പറഞ്ഞു. റേഷൻ വ്യാപാരികളുടെ കമ്മിഷനിൽ വർധന വരുത്താനായി പഠനം നടത്താൻ സമിതിയെ നിയോഗിച്ചു. കൊവിഡ് സമയത്ത് റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കൊവിഡ് കാലത്ത് കിറ്റ് കൊടുത്ത റേഷൻ വ്യാപാരികളോട് ഗുരുതരമായ അനാസ്ഥയാണ് സർക്കാർ കാണിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വിമർശിച്ചു.
347 കോടിയായിരുന്നു യുഡിഎഫ് കാലത്തെ റേഷൻ വ്യാപാരികൾക്കുള്ള കുടിശ്ശികയെന്ന് പറഞ്ഞായിരുന്നു ഭക്ഷ്യ മന്ത്രി തിരിച്ചടിച്ചത്. വിപണി ഇടപെടലിന് 15 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്, ഈ തുക മതിയാവില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ഭക്ഷ്യ പൊതു വിതരണ മേഖലയിൽ പല വിധത്തിൽ ഇടപെടുന്നുണ്ട്.
നമുക്ക് ആവശ്യമായ അരി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം വർധിപ്പിച്ച് നൽകിയില്ല. കേരളം ഫലപ്രദമായി വിപണി ഇടപെടൽ നടത്തുന്നുവെന്നും മന്ത്രി അറിയിച്ചു. ഭാരത് അരി കേന്ദ്ര സർക്കാർ നേരിട്ട് അവരുടെ ഏജൻസി വഴിയാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.