തിരുവനന്തപുരം : കാലവർഷ കെടുതികൾ സ്ഥിരം സംഭവമാകുമ്പോൾ സർക്കാർ തലത്തിൽ മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നൊരുക്കങ്ങൾ പാലിക്കാനായി എല്ലാ വകുപ്പുകളും ഓറഞ്ച് ബുക്ക് പിന്തുടരണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്കിൽ പ്രകൃതി ദുരന്തങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളാണ് നിർദേശിക്കുന്നത്.
ദുരിതബാധിതരെ താമസിപ്പിക്കാനായി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക, മലവെള്ളപ്പാച്ചില്‍ സംഭവിക്കാന്‍ ഇടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ സംവിധാനങ്ങളും ഉറപ്പാക്കുക, സ്‌കൂളുകളുടെ ചുറ്റുമതിലും മേല്‍ക്കൂരയും സമീപത്തുള്ള മരങ്ങളും അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളെക്കൂടി ദുരന്തനിവാരണ പ്ലാനിന്‍റെ ഭാഗമാക്കി സജീകരിക്കുക, ജലാശയങ്ങള്‍ വൃത്തിയാക്കുക, വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പാമ്പ് വിഷ പ്രതിരോധ മരുന്നുകള്‍ സജീകരിക്കുക, പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കുക എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻ കരുതലുകൾ ഓറഞ്ച് ബുക്കിൽ വിശദമായി നിർദേശിക്കുന്നു.
ഇതിനായി ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും നഗരസഭയ്ക്ക് 3 ലക്ഷം രൂപയും കോർപ്പറേഷന് 5 ലക്ഷം രൂപയുമാണ് അനുവദച്ചിട്ടുള്ളത്. ബണ്ട് സംരക്ഷണം, തീരത്തെ വീട് സംരക്ഷണം എന്നിവയ്ക്കായി മണൽ നിറച്ച കയർ ചാക്കുകൾ, ജിയോ ട്യൂബുകൾ, മണൽ ബണ്ടുകൾ, പ്രാദേശികമായി ലഭ്യമാകുന്ന മറ്റ് വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ബണ്ടുകൾ എന്നിവയ്ക്കായി ഓരോ ഗ്രാമപഞ്ചായത്തിനും 4 ലക്ഷം രൂപയും നഗരസഭയ്ക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് 7 ലക്ഷം രൂപയും ചെലവഴിക്കാനാകും.
മഴക്കാലമെത്തിയതോടെ ദുരന്ത സാഹചര്യം മുൻ കണ്ട് മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി, കേന്ദ്ര സേന പ്രതിനിധികള്‍, ദുരന്തനിവാരണ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യക്കോസ്, ജില്ല കലക്‌ടര്‍മാര്‍ തുടങ്ങിയവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർദേശം.