തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച മാര്‍ച്ചില്‍ മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ലാത്തി ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെ തലപൊട്ടി ചോരയൊലിച്ചു. അബിന്‍ വര്‍ക്കിയെ പൊലീസ് വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഏഴ് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ചോരയൊലിപ്പിച്ച് സെക്രട്ടേറിയറ്റിന്‍റെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകരോടൊപ്പം തുടര്‍ന്ന അബിന്‍ വര്‍ക്കിയെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നേരിട്ടെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മാര്‍ച്ചിനിടെ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്, കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തി. നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
സംഘര്‍ഷത്തിനിടെ സെക്രട്ടേറിയറ്റിന്‍റെ മതില്‍ ചാടികടക്കാന്‍ ശ്രമിച്ച വനിത പ്രവര്‍ത്തകരെ പുരുഷ പൊലീസ് തടഞ്ഞെന്നാരോപിച്ച് വീണ്ടും സംഘര്‍ഷമുണ്ടായി. മാർച്ച് ഉദ്ഘാടനത്തിനിടെ തന്നെ പ്രവർത്തകർ ബാരിക്കേഡ് മറിച്ച് സെക്രട്ടേറിയറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടാകുന്നതും പൊലീസ് ലാത്തി വീശുന്നതും. മണിക്കൂറുകളോളം സ്ഥലത്ത് ഗതാഗത തടസമുണ്ടായി.
ഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയുള്ള പിവി അൻവറിന്‍റെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. യുഡിഎഫ് കൺവീനർ എംഎം ഹസനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തത്.