കോഴിക്കോട്: എൻഐടിക്ക് മുൻപിൽ സമരം നടത്തുന്ന സാനിറ്റേഷൻ സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിന്നാലെ സംഘർഷം. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സിപിഎം പ്രവർത്തകർ വീഡിയോ എടുത്ത പുതിയ കരാർ കമ്പനിയുടെ ജീവനക്കാരനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടർന്ന് ഉന്തും തള്ളിലും എത്തിയ ഇരുവിഭാഗത്തെയും നീക്കാനുള്ള ശ്രമം തടസപ്പെട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
രണ്ട് സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കാൻ ശ്രമിച്ച പൊലീസിനെ മറ്റ് പാർട്ടി പ്രവർത്തകർ തടഞ്ഞു. ഇവരെ ജീപ്പിൽ കയറ്റുന്നതും പ്രവർത്തകർ തടഞ്ഞു. തുടർന്ന് മുതിർന്ന സിപിഎം നേതാക്കൾ സ്ഥലത്തെത്തിയാണ് പ്രവർത്തകരുമായി സംസാരിച്ച് സംഘർഷത്തിൽ അയവ് വരുത്തിയത്. കസ്‌റ്റഡിയിലെടുത്തവരെ പിന്നീട് കുന്ദമംഗലം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിനെതിരെ കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും നേരിയ സംഘർഷം ഉണ്ടായി. മാർച്ച് എൻഐടി കവാടത്തിനു മുൻപിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം നടത്തി. നേതാക്കളെത്തി പ്രവർത്തകരെ ശാന്തമാക്കിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്‌തു. യാതൊരു കാരണവശാലും എൻഐടിയിലെ നിലവിലെ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രവീൺകുമാർ പറഞ്ഞു.