തിരുവനന്തപുരം : കെഎസ്‌യു തെക്കൻ മേഖല ക്യാമ്പിൽ പ്രവർത്തകരുടെ കൂട്ടത്തല്ല്. തിരുവനന്തപുരം നെയ്യാർ ഡാമിൽ നടക്കുന്ന ക്യാമ്പിൽ ഇന്നലെ (മെയ് 25) അർധരാത്രിയോടെയായിരുന്നു സംഭവം. വാക്ക് തർക്കവും അഭിപ്രായ വ്യത്യാസവുമാണ് കാരണം. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഇന്ന് ക്യാമ്പ് അവസാനിക്കാനിരിക്കെയാണ് കൂട്ടത്തല്ല്. ക്യാമ്പ് അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ചിലർ ഉള്ളിൽ കടന്നു കൂടി സംഘർഷം ആരംഭിച്ചുവെന്നാണ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. അർധരാത്രി കലാപരിപാടികൾ നടന്നതിന് ശേഷമാണ് തല്ലുണ്ടായത്.
സംഘർഷത്തിൽ നിരവധി പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് അലോയ്ഷ്യസ് സേവ്യറിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. സംഭവത്തിൽ കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പഴകുളം മധു, എം എം നസീർ, എ കെ ശശി എന്നിവർ അംഗങ്ങളായ കമ്മിഷനോടാണ് ഇന്ന് വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയത്.