എറണാകുളം: സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ മലയാളിയും കൊച്ചി സ്വദേശിയുമായ സിദ്ധാർഥ് രാം കുമാറിൻ്റെ വീട്ടിൽ ആശ്ചര്യവും സന്തോഷവും അലതല്ലുകയാണ്. എറണാകുളം കടത്തനാട് വീട്ടിൽ ടി എൻ രാംകുമാറിനും അമ്മ രതി രാംകുമാറിനും മകൻ ഇത്തവണ സിവിൽ സർവീസ് പരീക്ഷയെഴുതിയത് പോലും അറിയില്ലായിരുന്നു. കഴിഞ്ഞ തവണ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി നിലവിൽ ഹൈദരാബാദിൽ ഐപിഎസ് പരിശീലനത്തിലാണ് സിദ്ധാർഥ്.
മലയാളിയായ സിദ്ധാർഥ് നാലാം റാങ്ക് നേടിയെന്ന വാർത്ത പുറത്ത് വന്നപ്പോഴും ഇത് തങ്ങളുടെ മകൻ തന്നെയാണോയെന്ന് ഇരുവർക്കും സംശയമായിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ സാംസാരിച്ചപ്പോൾ സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് ഒരു സൂചന പോലും കൊടുത്തിരുന്നില്ല. ഇതോടെയാണ് അമ്മ രതി മകനെ വിളിച്ച് നാലാം റാങ്ക് നേടിയ സിദ്ധാർഥ് സ്വന്തം മകൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
മകൻ്റെ നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് ടിഎൻ രാംകുമാർ ഇടിവി ഭാരതിനോട് പ്രതികരിച്ചു. ഐഎഎസ് നേടുകയെന്നത് മകൻ്റെ വലിയ ആഗ്രഹമായിരുന്നു. കേരള കേഡറിൽ ഐഎഎസ് പരിശീലനത്തിന് അവസരം ലഭിക്കുമെന്നതും സന്തോഷകരമാണ്. സ്ഥിരതയോടെയുള്ള പഠന രീതിയായിരുന്നു സിദ്ധാർഥ് പിന്തുടർന്നിരുന്നത്. കുറേയധികം സമയം കുത്തിയിരുന്ന് പഠിക്കുന്ന രീതിയില്ലായിരുന്നു. ഒരു ക്രിക്കറ്റർ ആകണമെന്നായിരുന്നു അവൻ്റെ ആഗ്രഹം എന്നാൽ ഐഎഎസ് എന്ന സ്വപ്‌നം മകന് പകർന്നു നൽകിയത് താനായിരുന്നു വെന്നും രാംകുമാർ അഭിമാനപൂർവം വ്യക്തമാക്കി.
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ചിന്മയ സ്‌കൂളിലായിരുന്നു പഠിച്ചത്. അവിടെ നിന്ന് ലഭിച്ച പ്രചോദനവും മകൻ്റെ ഈ വലിയ നേട്ടത്തിന് പിന്നിലുണ്ട്. പലരും വിളിച്ചു ചോദിച്ചപ്പോൾ സിദ്ധാർഥ് പരീക്ഷ എഴുതിയിട്ടില്ലന്നും ഐപിഎസ് പരിശീലനത്തിലാണെന്നാണ് മറുപടി നൽകിയത്. മകൻ്റെ വിജയത്തിൽ വലിയ സന്തോഷവും സർപ്രൈസുമായെന്ന് നിറഞ്ഞ പുഞ്ചരിയോടെ രാംകുമാർ പറഞ്ഞു. ആർക്കിട്ടെക്‌ചറിൽ എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അമ്മ രതിക്ക് ഇപ്പോഴും ഞെട്ടൽ വിട്ടു മാറിയിട്ടില്ല. സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് മകൻ നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് സിദ്ധാർഥിന് തന്നെ സംശയമായിരുന്നു. വാർത്തകളിൽ നിന്നാണ് അറിഞ്ഞത്. താൻ വിളിച്ചപ്പോൾ പരിശോധിച്ച് പറയാമെന്നാണ് പറഞ്ഞത്. ഐപിഎസ് പരിശീലനത്തിലായതിനാൽ കൂടുതൽ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അമ്മ രതി പറഞ്ഞു. മലയാളികൾക്കാകെ അഭിമാനമായ സിദ്ധാർഥിൻ്റെ നേട്ടത്തിൽ സഹോദരനും ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുന്ന ആദർശ് കുമാറും സന്തോഷം പ്രകടിപ്പിച്ചു.
തൻ്റെ സഹോദരൻ ഒരു പുസ്‌തക പുഴുവായിരുന്നില്ല. സ്വന്തം താല്‍പര്യപ്രകാരമായിരുന്നു ഐഎഎസിന് വേണ്ടി ശ്രമം നടത്തിയത്. പരീക്ഷ എഴുതിയ കാര്യമോ, അഭിമുഖത്തിൽ പങ്കെടുത്ത കാര്യമോ, താനും അറിഞ്ഞിരുന്നില്ലെന്നും ആദർശ് കുമാർ പറഞ്ഞു.
ALSO READ: രണ്ട് തവണ ഐപിഎസ്, ഇപ്പോൾ ഐഎഎസ്; മലയാളികളുടെ അഭിമാനമായ സിദ്ധാര്‍ത്ഥ് രാം കുമാറിനെ അറിയാം