എറണാകുളം : ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ ഉപഹർജിയിൽ ഹൈക്കോടതി, ചീഫ് സെക്രട്ടറിയോടടക്കം റിപ്പോർട്ട് തേടി. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് നേരത്തെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതടക്കം സർക്കുലർ ആയി പുറത്തിറക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകിയത്.
ഉപഹർജിയിൽ ജില്ല കോടതികളുടെ ചുമതലയുള്ള ഹൈക്കോടതി രജിസ്ട്രാർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഇറക്കിയ മാർഗനിർദേശങ്ങളിൽ എന്ത് നടപടി സ്വീകരിച്ചു എന്നാണറിയിക്കേണ്ടത്. തിങ്കളാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ആര്‍ക്കും നല്‍കരുത്. പ്രതികള്‍ക്കും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിന് വിലക്കേർപ്പെടുത്തി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രം.
വിദഗ്‌ധ സാന്നിധ്യത്തില്‍ മാത്രമാകണം ദൃശ്യങ്ങളുടെ പരിശോധന. ദൃശ്യ പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാസമയവും തീയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അവശ്യ ഘട്ടത്തില്‍ മാത്രമേ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് അനുമതി പാടുള്ളൂ.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിക്കാം, തെളിവുകൾ നശിപ്പിച്ചതിന്‍റെ റിപ്പോര്‍ട്ട് അതോറിറ്റി കോടതിക്ക് നല്‍കണം, എന്നിങ്ങനെയായിരുന്നു ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ.
Also Read: കൊച്ചി ഇങ്ങനെ പോയാൽ തിരുവനന്തപുരത്തെക്കാൾ കഷ്‌ടമാകും; വിമർശനവുമായി ഹൈക്കോടതി - WATERLOGGED IN KOCHI