തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് പുതുവത്സര ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. പോണ്ടിച്ചേരി സ്വദേശിയായ 33കാരനെയാണ് ബമ്പർ ഭാഗ്യം തേടിയെത്തിയത് (Christmas New Year Bumper). സമ്മാനാർഹനായ ഭാഗ്യശാലി തിരുവനന്തപുരം ലോട്ടറി ഓഫിസിലെത്തി ടിക്കറ്റ് ഹാജരാക്കി.
ഇന്ന് (ഫെബ്രുവരി 2) ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം വികാസ് ഭവനിലെ ഭാഗ്യക്കുറി ഡയറക്ട്രേറ്റിലെത്തിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റും ആവശ്യമായ എല്ലാ രേഖകളും കൈമാറിയത്. പാലക്കാടുള്ള ലോട്ടറി ഏജന്‍റായ വിൻസ്റ്റാർ ലക്കി സെന്‍റര്‍ ഉടമയുമായി എത്തിയായിരുന്നു ലോട്ടറി ടിക്കറ്റ് കൈമാറിയത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി 4 മണിയോടെ ഇവർ മടങ്ങി.
പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാൽ മറ്റുവിവരങ്ങൾ ലോട്ടറി വകുപ്പ് അധികൃതർ പുറത്തുവിട്ടിട്ടില്ല. 33 വയസുള്ള ബിസിനസുകാരനായ ഇയാള്‍ ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ ശ്രീ പത്മനാഭ സ്വാമിക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്.
പാലക്കാട് ഷാജഹാൻ എന്ന ഏജന്‍റിൽ നിന്നും വാങ്ങിയ ടിക്കറ്റ് കിഴക്കേകോട്ടയിലെ ലക്ഷ്‌മി ലക്കി സെന്‍ററിൽ നിന്ന് തിരുവനന്തപുരം സ്വദേശി ദുരൈരാജ് ആണ് വിറ്റത്. XC 224091 എന്ന നമ്പർ ടിക്കറ്റാണ് 20 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്.