തിരുവനന്തപുരം: വയനാട്ടിൽ ഭക്ഷ്യകിറ്റ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. നാളത്തെ വോട്ടെടുപ്പിന്‍റെ ഭാഗമായുള്ള ബോധവത്കരണ റാലി ഫ്ലാഗ് ഓഫിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ കിറ്റുകളെ കുറിച്ച് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നുവെന്നും സംഭവത്തിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് പങ്കുണ്ടോ എന്നറിയില്ലെന്നും സഞ്ജയ് കൗൾ പറഞ്ഞു.
നാളത്തെ വോട്ടെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 7ന് പോളിങ് ആരംഭിക്കും. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയ ആരോപണങ്ങൾ തെറ്റിദ്ധാരണ മാത്രമാണെന്നും കളള വോട്ടുകളല്ല, റിപ്പീറ്റ് വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.
പലരും സ്ഥലം മാറിപ്പോയ വോട്ടുകളാണ്. പൂർണമായും കള്ളവോട്ടുകളല്ല. എല്ലാം കണ്ടെത്താൻ കമ്മിഷൻ ശ്രമിക്കുന്നുണ്ടെന്നും സഞ്ജയ് കൗൾ പറഞ്ഞു. അതേസമയം ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണർ വിനയ് കുമാർ സക്‌സേനയുടെ കേരള സന്ദര്‍ശനത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും സഞ്ജയ് കൗൾ അറിയിച്ചു.