കോഴിക്കോട്: ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ തെരച്ചില്‍ ഊര്‍ജിതം. സ്‌കൂബ സംഘം അടക്കമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. മാവൂര്‍, വാഴക്കാട്, മുക്കം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് തെരച്ചില്‍ നടക്കുന്നത്.
സ്വകാര്യ സ്‌കൂബ ഡൈവേഴ്‌സിന്‍റെ ആറംഗ സംഘമാണ് പരിശോധനയ്ക്കായി കൂളിമാട് എത്തിയത്. ചാലിയാറിൻ്റെ ഇരു ഭാഗങ്ങളിലെയും സംശയം തോന്നുന്ന ഇടങ്ങളിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുകയാണ് സംഘം. ഇതിനുപുറമേ ഡ്രോൺ പരിശോധനയും ചാലിയാറിൽ നടക്കുന്നുണ്ട്. ചാലിയാറിലെ പരിശോധന വിലയിരുത്തുന്നതിന് കോഴിക്കോട് റൂറൽ എസ്‌പി അരവിന്ദ് സുകുമാറും സ്ഥലത്തെത്തി.
തെരച്ചിൽ സംഘങ്ങളുമായി എസ്‌പി ചർച്ച നടത്തി. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്നും പൊലീസിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും ഫയർ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ വരും ദിവസങ്ങളിലും തെരച്ചിൽ നടത്തുമെന്നും റൂറൽ എസ്‌പി പറഞ്ഞു.
Also Read: വയനാട് ദുരന്തം: ചാലിയാറില്‍ ഇന്നും തെരച്ചില്‍ ഊര്‍ജിതം