ആലപ്പുഴ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് വേദിയൊരുങ്ങുന്ന ചക്കുളത്ത് കാവിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല നാളെ (ഡിസംബർ 13) നടക്കും. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായി. പുലർച്ചെ നാല് മുതൽ നിർമ്മാല്യ ദർശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ശേഷം ഒമ്പത് മണിക്ക് വിളിച്ചുചൊല്ലി പ്രാത്ഥനയോട് കൂടി ചടങ്ങുകൾക്ക് തുടക്കമാകും. ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും മുഖ്യ കാര്യദർശി പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന വിശ്വാസ സംഗമത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും സഹധർമ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. ആർസി ചാരിറ്റബിൾ ട്രസ്‌റ്റ് ചെയർമാനും പ്രമുഖ സമുഹിക പ്രവർത്തകനുമായ റെജി ചെറിയാൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമിക നേതൃത്വത്തിൽ ട്രസ്‌റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.
രാവിലെ 11 മണിയോട് കൂടി പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. തുടർന്ന് വേദപണ്ഡിതന്മാരുടെ കാർമികത്വത്തിൽ 51 ജീവതകളിലായി ദേവിയെ എഴുന്നിള്ളിച്ച് ഭക്തരുടെ പൊങ്കാല സ്വീകരിക്കും ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷാണ് സമ്മേളനത്തിലെ മുഖ്യാതിഥി. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് ഐഎഎസ് കാർത്തിക സ്‌തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.
നാളെ അവധി: പൊങ്കാലയോട് അനുബന്ധിച്ച് നാളെ കുട്ടനാട്, മാവേലിക്കര, അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. അതേസമയം പൊതുപരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്‌ടർ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്‌നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് പൊങ്കാല അർപ്പിക്കാനായി ചക്കുളത്തുകാവിൽ എത്തുന്നത്. ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചിട്ടുണ്ട്. ഭക്തജനങ്ങളെ വരവേൽക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു.
Also Read: നാല്‍ക്കാലികളുടെ രോഗം മാറാന്‍ പ്രത്യേക നേർച്ച; അഷ്‌ടമുടി കായലോരത്തെ അപൂർവ ക്ഷേത്ര വിശേഷങ്ങൾ