കോഴിക്കോട്: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നേടിയെടുത്തതിന്‍റെ സന്തോഷത്തിലാണ് ശാരിക എ കെ. സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരികയ്‌ക്ക് ശാരീരിക പരിമിതികൾ ഏറെയുണ്ട്. ഇതിനെ മറികടന്നുകൊണ്ടാണ് സിവില്‍ സര്‍വീസ് എന്ന നേട്ടം കരസ്ഥമാക്കിയത്. സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 922-ാം റാങ്കാണ് കോഴിക്കോട് കീഴരിയൂർ സ്വദേശിനിയായ ശാരിക കരസ്ഥമാക്കിയത്.
തിരുവനന്തപുരത്തെ അബ്‌സല്യൂട്ട് അക്കാദമിയിലെ 'ചിത്രശലഭം' എന്ന പ്രോജക്‌ടിന് കീഴില്‍ ഓണ്‍ലൈന്‍ ആയാണ് ശാരിക പരിശീലനം നേടിയത്. രണ്ടുവര്‍ഷമായി കഠിനമായ പരിശ്രമത്തിലായിരുന്നു ഈ മിടുക്കി. ആദ്യതവണ എഴുതിയെങ്കിലും കിട്ടിയില്ല. രണ്ടാമത്തെ ശ്രമത്തില്‍ ശാരിക തന്‍റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു.
തന്‍റെ സുഹൃത്താണ് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം മനസില്‍ പാകിയതെന്ന് ശാരിക പറഞ്ഞു. ''അധികകാലമൊന്നുമായിട്ടില്ല പരിശീലനം തുടങ്ങിയിട്ട്. മുമ്പിലുണ്ടായിരുന്ന സമയത്തെ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു. സര്‍വീസ് ഏതെന്ന് ഇപ്പോള്‍ അറിയില്ലെങ്കിലും ഐഎഎസിനോടാണ് താല്‍പര്യമെന്നും ശാരിക പറഞ്ഞു. കീഴരിയൂര്‍ മാവിന്‍ചുവട് സ്വദേശിയായ ശശിയുടെയും രാഖിയുടെയും മകളാണ് ശാരിക.
Also Read: രണ്ട് തവണ ഐപിഎസ്, ഇപ്പോൾ ഐഎഎസ്; മലയാളികളുടെ അഭിമാനമായ സിദ്ധാര്‍ത്ഥ് രാം കുമാറിനെ അറിയാം