തിരുവനന്തപുരം : ഏപ്രില്‍ 26ന് (നാളെ) രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രവും നിര്‍ഭയവും നിഷ്‌പക്ഷവുമായി വോട്ടുചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എം സഞ്ജയ് കൗള്‍. 2.77 കോടി വോട്ടര്‍മാര്‍ക്കായി സംസ്ഥാനത്താകെ 25,231 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകള്‍ക്കുള്ളിലും പുറത്തും മുഴവന്‍ സമയ ക്യാമറാനിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വോട്ടെടുപ്പ് ജനാധിപത്യത്തിന്‍റെ അടിത്തറയാണെന്നും എല്ലാവരും പങ്കെടുക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എം സഞ്ജയ് കൗള്‍ ഇ ടിവിയിലൂടെ അഭ്യര്‍ഥിച്ചു. എല്ലാ വോട്ടര്‍മാര്‍ക്കും നിര്‍ഭയവും നിഷ്‌പക്ഷവും സുരക്ഷിതവുമായി വോട്ടുരേഖപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ടെന്നും ഈ പ്രക്രിയയില്‍ എല്ലാ വോട്ടര്‍മാരും പങ്കാളികളാകണമെന്നും ഇടിവി ഭാരതിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അവസാന വട്ട ഒരുക്കങ്ങള്‍ എവിടെ എത്തി ?
ഇത്തവണ അതീവ പ്രശ്‌ന ബാധിത ബൂത്തുകളെന്ന് കണ്ടെത്തിയ 8 ജില്ലകളില്‍ 100 ശതമാനം വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തി. ബാക്കി ജില്ലകളില്‍ 75 ശതമാനം വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പിന്‍റെ സുതാര്യതയും നിഷ്‌പക്ഷതയും ഉറപ്പാക്കുന്നതിനായി വോട്ടര്‍ പട്ടിക കുറ്റമറ്റ രീതിയില്‍ ശുദ്ധീകരിച്ചിട്ടുണ്ട്.
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും ഉള്‍പ്പടെയുള്ള 21 ലക്ഷം ആബ്‌സന്‍റീസ് വോട്ടര്‍മാരെ 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ 4 വരെ നീക്കം ചെയ്‌തിട്ടുണ്ട്. ഇനി ആബ്‌സന്‍റീസ് വോട്ടർമാരായിട്ടുള്ളവര്‍ വോട്ടുചെയ്യാന്‍ വന്നാല്‍ പ്രിസൈഡിങ്ങ് ഓഫിസറുടെ മൊബൈലിലുള്ള ആപ്പില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ടുരേഖപ്പെടുത്താന്‍ കഴിയൂ. അത്രയും സംശുദ്ധമാണ് വോട്ടര്‍ പട്ടികയെന്ന് സഞ്ജയ് കൗള്‍ വ്യക്തമാക്കി.
പ്രശ്‌ന ബാധിത ബൂത്തുകള്‍ ? നടപടികള്‍ ?1700 പ്രശ്‌ന ബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബൂത്തിനുള്ളിലും വെളിയിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്ത് കേന്ദ്ര സായുധ സേനയുടെ സാന്നിധ്യം ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൈക്രോ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യവും ഉണ്ടാകും. അതീവ പ്രശ്‌ന ബാധിത ബൂത്തുകളില്‍ മൂന്ന് തട്ടുകളായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടുചെയ്യാന്‍ നാളെ പോളിംഗ് ബൂത്തുകളിലേക്ക് കടന്നുവരാനിരിക്കുന്നവരോട് പറയാനുള്ളതെന്താണ്?
വോട്ടിങ് എന്നത് ജനാധിപത്യത്തിന്‍റെ അടിത്തറയാണ്. വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ മാത്രമേ ആ ജനാധിപത്യ പ്രക്രിയയില്‍ നിങ്ങള്‍ക്ക് പങ്കുണ്ടാവുകയുള്ളൂ. അത് ഓരോ പൗരന്‍റെയും കടമയാണ്. എല്ലാവരും പോളിങ്ങ് ബൂത്തില്‍ പോയി വോട്ടുചെയ്യണം. അത് നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കുവേണ്ടിയാണ് എന്നാണ് എനിക്കുപറയാനുള്ളത്. വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം 100 ശതമാനം സുരക്ഷിതവും കൃത്യവുമാണ്. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായും നിഷ്‌പക്ഷമായും സുരക്ഷിതമായും വോട്ടുചെയ്‌ത് മടങ്ങാമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.
ബൂത്തുകളില്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്?
വോട്ടര്‍മാര്‍ക്ക് ചൂടും മഴയും ഏല്‍ക്കാതിരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്ന ശേഷിക്കാര്‍ക്കും ശാരീരിര അവശത അനുഭവിക്കുന്നവര്‍ക്കും റാമ്പുകള്‍ സജ്ജമാണ്. കുടിവെള്ളവും ശൗചാലയവും ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൊച്ചുകുട്ടികളുമായി വരുന്നവര്‍ക്കും സൗകര്യമുണ്ട്.
85 കഴിഞ്ഞവര്‍ക്കുള്ള വീട്ടില്‍ വോട്ടിന്‍റെ പുരോഗതി ?
1,76,000 വോട്ടര്‍മാരാണ് അത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. അതില്‍ 97 ശതമാനം പേരും വോട്ടുരേഖപ്പെടുത്തി കഴിഞ്ഞു. ഇതുസംബന്ധിച്ച് 4 പരാതികള്‍ ലഭിച്ചതില്‍ 9 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. അവര്‍ക്കെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Also Read: കന്നി വോട്ടര്‍മാർക്ക് വോട്ട് ചെയ്യുമ്പോൾ കൺഫ്യൂഷന്‍ വേണ്ട; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ..