കോട്ടയം: പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് കറുകച്ചാല്‍ പൊലീസ്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി എന്ന് ആരോപിച്ചാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചോര്‍ത്തിയ ഫോണ്‍ സംഭാഷണം കലാപം ലക്ഷ്യമിട്ട് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഇടതുമുന്നണി വിട്ട അന്‍വര്‍ ഇന്ന് വൈകിട്ട് വിശദീകരണ യോഗം നടത്താനിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. ചന്തക്കുന്ന് ബസ് സ്‌റ്റാൻഡ് പരിസരത്താണ് പൊതു യോഗം. മുഖ്യമന്ത്രിക്കും പൊലീസിനും സിപിഎമ്മിനും എതിരായ വിമർശനമാകും പ്രധാനമായും ഉണ്ടാവുക. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകള്‍ വിശദീകരണ യോഗത്തില്‍ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിനിടെ പി വി അൻവർ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിന് പിന്നാലെ രണ്ട് പൊലീസുകാര്‍ അന്‍വറിന്‍റെ വസതിയിലെത്തി. പി വി അൻവർ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്‌റ്റ് ഒരുക്കും. പൊലീസ് സംരക്ഷണത്തിന് നന്ദിയുണ്ടെന്ന് അന്‍വര്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാർ പുഴയില്‍ എറിയുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനിടെ പി വി അൻവറിന് പ്രതികൂലിച്ചും അനുകൂലിച്ചും ജന്മനാട്ടിൽ ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിപ്ലവ സൂര്യനായി മലപ്പുറത്തിന്‍റെ മണ്ണില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്‍റെ അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡിലുള്ളത്.
'കൊല്ലാം.. പക്ഷെ തോല്‍പ്പിക്കാനാവില്ല. സൂര്യന്‍ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണില്‍ വീരചരിതം രചിച്ച പുത്തന്‍വീട് തറവാട്ടിലെ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ടവീര്യം സിരകളില്‍ ആവാഹിച്ച് ഇരുള്‍മൂടിയ കേരള രാഷ്‌ട്രീയ ഭൂമികയുടെ ആകാശത്തേക്ക്, ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി ജ്വലിച്ചുയര്‍ന്ന പി വി അന്‍വറിന് അഭിവാദ്യങ്ങള്‍' എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്.
Also Read: പിവി അൻവർ സിപിഎം ഏറ്റുമുട്ടൽ; പോര് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും