കണ്ണൂര്‍: 650 കിലോമീറ്ററകലെ പുതുച്ചേരിയില്‍ നിന്ന് മാഹിയിലെ വോട്ടര്‍മാരെ കാണാന്‍ സ്ഥാനാര്‍ഥികള്‍ എത്തിത്തുടങ്ങി. ആദ്യഘട്ടത്തില്‍ ഏപ്രില്‍ 19 ന് പോളിങ്ങ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ് മാഹി. ആദ്യമെത്തിയത് ഇന്ത്യാ മുന്നണിയില്‍ മത്സരിക്കുന്ന നിലവിലെ എംപിയും മുന്‍ മുഖ്യമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് വി വൈദ്യലിംഗമാണ്.
ഇളക്കി മറിച്ചുള്ള പ്രചാരണവും ആവേശം അലതല്ലുന്ന പ്രസംഗവുമില്ലാതെ ഒറ്റദിവസം കൊണ്ട് സ്ഥാനാര്‍ത്ഥി പര്യടനം പൂര്‍ത്തിയാക്കി വൈദ്യലിംഗം മടങ്ങി. മാഹി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മൂലക്കടവില്‍ നിന്നായിരുന്നു. സൗമ്യനായും ശാന്തനായും സ്ഥാനാര്‍ത്ഥി വൈദ്യലിംഗം. ജനങ്ങള്‍ ഒറ്റക്കെട്ടായി ഇന്ത്യാ മുന്നണിക്കൊപ്പം അണിചേരണമെന്ന ആഹ്വാനവുമായാണ് വൈദ്യലിംഗത്തിന്‍റെ പ്രചാരണ തുടക്കം.
മലയാളി ഭൂരിപക്ഷ പ്രദേശമെങ്കിലും നിര്‍ത്തി നിര്‍ത്തിയുള്ള സ്ഥാനാര്‍ഥിയുടെ തമിഴ് പ്രസംഗം നാട്ടുകാര്‍ക്കും എളുപ്പം മനസിലാകും. ഉച്ചവെയിലിനെ പോലും അവഗണിച്ച് കോണ്‍ഗ്രസിന്‍റേയും മുസ്ലീം ലീഗിന്‍റേയും പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ കാണാന്‍ ഓരോ പ്രചാരണ കേന്ദ്രങ്ങളിലും എത്തിയിരുന്നു. ഏറെപ്പേരേയും നേരിട്ടറിയുന്ന സ്ഥാനാര്‍ഥി പേരു വിളിച്ചും കൈകൊടുത്തും പരിചയം പുതുക്കിയ ശേഷമാണ് പ്രസംഗം ആരംഭിക്കുന്നത്.
രാജ്യത്തിന്‍റെ മതേതരത്വത്തിനും ജനാധിപത്യത്തിനും പോറലേല്‍ക്കാന്‍ അനുവദിക്കരുതെന്നും അതിനായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. മയ്യഴിയില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആദ്യ പ്രചാരണത്തിനെത്തിയതും വൈദ്യലിംഗമായിരുന്നു. ഒരു കാലത്ത് പുതുച്ചേരി മുഖ്യമന്ത്രിയായും ലോകസഭാംഗമായും പ്രവര്‍ത്തിച്ച വൈദ്യലിംഗത്തെ വോട്ടര്‍മാര്‍ക്ക് നേരിട്ടറിയാം.
പുതുച്ചേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. മുമ്പ് നടന്ന 15 ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ 11 തവണയും വിജയം വരിച്ചത് കോണ്‍ഗ്രസായിരുന്നു. ഇത്തവണയും അതാവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഡിഎംകെ, സിപിഐ, സിപിഎം, കമലഹാസന്‍റെ മക്കള്‍ നീതി മയ്യം, വിടുതലൈ ചിരുതൈകള്‍ കക്ഷി, മുസ്ലീം ലീഗ് പാര്‍ട്ടികളാണ് കോണ്‍ഗ്രസ് മുന്നണിക്കൊപ്പമുള്ളത്.
കഴിഞ്ഞ തവണ 197025 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച വൈദ്യലിംഗം ഇത്തവണയും പ്രതീക്ഷയിലാണ്. അതേസമയം 2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 30 നിയമസഭാ മണ്ഡലങ്ങളുള്ളതില്‍ 22 എണ്ണവും ബിജെപി മുന്നണിക്കൊപ്പം നിന്നു. കോണ്‍ഗ്രസിനെ നെടുകെ പിളര്‍ത്തി പിസിസി അധ്യക്ഷനടക്കമുള്ളവര്‍ ബിജെപി പക്ഷത്തേക്ക് മാറിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
എട്ട് മണ്ഡലങ്ങള്‍ ഡിഎംകെ കോണ്‍ഗ്രസ് മുന്നണിക്കൊപ്പമാണ്. ഇത്തവണ എഐ ഡിഎംകെ തനിച്ച് മത്സരിക്കുന്നതിനാല്‍ ഇന്ത്യാ മുന്നണിക്ക് സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുന്നണിയിലാണെങ്കിലും മാഹിയില്‍ സിപിഎം കഴിഞ്ഞ തവണ പോലെ തന്നെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുന്നണിയുടെ സ്ഥാനാര്‍ഥി പര്യടനത്തിലൊന്നും ഇടതുമുന്നണി നേതാക്കള്‍ പങ്കെടുത്തില്ല. സിപി എം പിന്തുണ യുണൈറ്റഡ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി പ്രഭു ദേവയ്ക്കാണെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാത്രി മാഹി മൈതാനിയില്‍ സമാപിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യാ മുന്നണി മാഹി മണ്ഡലം അദ്ധ്യക്ഷന്‍ എംപി അഹമ്മദ് ബഷീര്‍, എംഎല്‍എ മാരായ രമേശ് പറമ്പത്ത്, വി വൈദ്യനാഥന്‍, പ്രാദേശിക നേതാക്കളായ കെ മോഹനന്‍, സത്യന്‍ കേളോത്ത്, ആവോളം ബഷീര്‍ എന്നിവരും പങ്കെടുത്തു.