തിരുവനന്തപുരം: സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ സർക്കാർ തീർക്കുന്നതെന്നും കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാധ്യത കൂട്ടുന്നുവെന്നുമുള്ള റിപ്പോർട്ടുമായി സി എ ജി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരായ പരാമര്‍ശമുള്ളത്. കിഫ്ബിയുടെ കടമെടുപ്പ് ഓഫ് ബജറ്റ് കടമെടുപ്പല്ലെന്ന സർക്കാർ വാദമാണ് സി എ ജി തള്ളിയത്.
കിഫ്‌ബിക്ക് സ്വന്തമായി വരുമാനമില്ലെന്നും ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്നാണ് കിഫ്‌ബി കടം തീർക്കുന്നതെന്നും സിഎജി കണ്ടെത്തി. അതുകൊണ്ട് തന്നെ സർക്കാരിന്‍റെ വാദം സ്വീകാര്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021-22 കാലയളവില്‍ വിവിധ സ്രോതസ്സുകളിൽ നിന്നായി 7762.78 കോടി രൂപയാണ് കിഫ്‌ബി എടുത്തത്.
വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളും ക്ഷേമ പെൻഷനുകളും കേരളത്തിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി സ്ഥാപിച്ച പെന്‍ഷന്‍ കമ്പനിയായ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെ എസ് എസ് പി എലി)ന്‍റെ വായ്‌പയായ 11206.49 കോടി കുടിശ്ശികയും സർക്കാരിന്‍റെ അധിക ബാധ്യതയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്വങ്ങളിൽ വെള്ളം ചേർത്തുവെന്നും സാമ്പത്തിക സ്രോതസ്സിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
കിഫ്‌ബി 2021 മാർച്ച് 31 വരെയുള്ള ബജറ്റിന് പുറത്ത് കടം വാങ്ങിയതിന്‍റെ കുടിശ്ശിക 5610.82 കോടിയും 2021- 22ലെ ബജറ്റിന് പുറത്തുള്ള കടം വാങ്ങൽ 7762.78 കോടി രൂപയുമാണ്. ഈ കാലയളവിൽ തിരിച്ചടച്ചത് 1,047.08 കോടി രൂപയാണ്.