തൃശൂര്‍: നിശബ്‌ദ പ്രചാരണ ദിവസം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്‌ത് ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി സി രവീന്ദ്രനാഥ്. ചില ചടങ്ങുകളിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കാണ് സ്ഥാനാർഥി കെഎസ്ആർടിസി ബസിനെ ആശ്രയിച്ചത്. അപ്രതീക്ഷിതമായിട്ടായിരുന്നു വ്യാഴാഴ്‌ച രാവിലെ തൃശൂരിൽ നിന്ന് ചേർത്തലയിലേക്കുള്ള കെഎസ്ആർടിസി ബസിലേക്ക് ചാലക്കുടി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയെത്തിയത്.
യാത്രക്കാർ നിറഞ്ഞതിന് ശേഷമെത്തിയ സ്ഥാനാർഥി ഏറ്റവും പുറകിലുള്ള സീറ്റില്‍ ഇരുന്നായിരുന്നു യാത്ര. സ്ഥാനാർഥിയെ കണ്ടതോടെ സഹയാത്രികർക്ക് കൗതുകമായി. ഈ തെരഞ്ഞെടുപ്പ് കാലത്ത് നല്ല തിരക്കിനിടയിലും സ്ഥാനാർഥി ബസിൽ കയറി എങ്ങോട്ട് പോകുന്നുവെന്നായിരുന്നു അവർക്കെല്ലാം അറിയേണ്ടിയിരുന്നത്. കഴിഞ്ഞ രണ്ടുമാസത്തോളമായി വിശ്രമമില്ലാതെ കുടെയുള്ള ഡ്രൈവർ എം കെ അശോകനോട് വിശ്രമിക്കാൻ ഇന്നത്തെ യാത്ര കെഎസ്ആർടിസി ബസിലേക്ക് മാറ്റുകയായിരുന്നു സ്ഥാനാർഥി.
നാളെ തെരഞ്ഞെടുപ്പ് ദിവസവും വൻ തിരക്കായിരിക്കുമെന്നതിനാൽ നിശബ്‌ദ പ്രചാരണത്തിൻ്റെ ദിവസമായ ഇന്ന് വൈകി വന്നാൽ മതി എന്ന് സി രവീന്ദ്രനാഥ് തന്നെയാണ് ഡ്രൈവറോഡ് നിർദ്ദേശിച്ചത്. പൊതുഗതാഗത സംവിധാനങ്ങളെ ഏറെ ഇഷ്‌ടപ്പെടുന്ന സ്ഥാനാർഥിയായ സി രവീന്ദ്ര നാഥിന് തിരക്കിനിടയിലെ കെഎസ്ആർടിസി യാത്രയും സന്തോഷം പകരുകയാണ്. ചാലക്കുടിയിലെ ക്ലേരിയൻ കോൺവെൻ്റിലെ കന്യാസ്ത്രീയായിരുന്ന സി. ഹെർമാസിൻ്റെയും നായരങ്ങാടി തണ്ടാം പറമ്പിൽ ദാസന്‍റെയും മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാനായിരുന്നു സ്ഥാനാർഥിയുടെ ബസ് യാത്ര.
Also Read:ഇൻഹെറിറ്റൻസ് ടാക്‌സ്: സാം പിത്രോദയുടെ വാക്കുകൾ കോൺഗ്രസിനെതിരെ ആയുധമാക്കി മോദി
രാവിലെ തൃശൂർ കേരള വർമ കോളേജിന് സമീപത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി സ്‌റ്റാൻ്റിൽ എത്തി ബസിൽ കയറി പോവുകയായിരുന്നു. കുശലാന്വേഷണങ്ങളും രാഷ്‌ട്രീയം പറച്ചിലുമായി മറ്റു യാത്രക്കാരും ഒപ്പം കൂടിയതോടെ ബസ് യാത്രയും നിശബ്‌ദ പ്രചാരണത്തിൻ്റെ ഭാഗമായി മാറി. ചാലക്കുടിയിൽ ബസ്സിറങ്ങിയെ സ്ഥാനാർഥിയെ മുൻ എംഎൽഎ ബി ഡി ദേവസിയും, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകനും ചേർന്ന് സ്വീകരിച്ച് മറ്റൊരു വാഹനത്തിലായിരുന്നു സന്ദർശന സ്ഥലങ്ങളിൽ എത്തിച്ചത്. ചാലക്കുടി മണ്ഡലത്തിലെ കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളിൽ നേടിയ പിന്തുണ വോട്ടായ് മാറുമെന്നാണ് സ്ഥാനാർഥിയും മുന്നണിയും കണക്ക് കൂട്ടുന്നത്. മുൻ വിദ്യഭ്യാസ മന്ത്രി കൂടിയായ സി രവീന്ദ്രനാഥിലൂടെ അട്ടിമറി വിജയമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.