തിരുവനന്തപുരം: മൂന്ന് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തത്‌സ്ഥിതി തുടര്‍ന്നിട്ടും മുന്നണികളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. യുഡിഎഫ് വയനാടും പാലക്കാടും നിലനിര്‍ത്തുകയും അതുപോലെ എല്‍ഡിഎഫ് ചേലക്കര നിലനിര്‍ത്തുകയും ചെയ്‌തെങ്കിലും മുന്നണികളിലും പാര്‍ട്ടികളിലും കലാപ അന്തരീക്ഷമാണ്. പാലക്കാട്ടെ തോല്‍വിയെയും വോട്ടു ചോര്‍ച്ചയെയും ചൊല്ലി ബിജെപിയിലാണ് രൂക്ഷമായ പോര് ഉയര്‍ന്നത്.
പാലക്കാട്ടെ പ്രാദേശിക നേതാക്കള്‍ തോല്‍വിക്ക് കാരണം സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണെന്ന് ആരോപിച്ചു. പിന്നാലെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചതായി അഭ്യൂഹമുയര്‍ന്നു. കോഴിക്കോട് ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ഓഡിറ്റിങ്ങിന് വിധേയനാകാന്‍ തയ്യാറാണെന്നും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നുംകെ സുരേന്ദ്രൻ അറിയിച്ചു.
അതേസമയം പാലക്കാട് നഗരസഭാധ്യക്ഷ കൂടിയായ ബിജെപി പ്രാദേശിക നേതാവ് പ്രമീള ശശിധരന്‍ സി കൃഷ്‌ണകുമാറിന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്ത് വന്നു. എല്ലാ തെരഞ്ഞെടുപ്പിലും കൃഷ്‌ണ കുമാറിന് മാത്രം അവസരം നല്‍കുന്ന സംസ്ഥാന നേതൃത്വത്തിനാണ് പരാജയത്തിന്‍റെ ഉത്തരവാദിത്തമെന്ന് ആരോപിച്ച് അവർ രംഗത്ത് വന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
പ്രമീള ശശിധരന് പിന്നാലെ ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി കൃഷ്‌ണ കുമാറിനെതിരെ രംഗത്ത് വന്നു. കൃഷ്‌ണ കുമാറിന്‍റെയും ഭാര്യയുടെയും സാമ്പത്തിക സ്രോതസുളെ കുറിച്ച് അന്വേഷണം വേണമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചതോടെ നേതാക്കള്‍ പരസ്‌പരം ചെളിവാരിയെറിയുന്ന നിലയിലായി. അതേസമയം പരസ്യ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സുരേന്ദ്രന്‍ സൂചന നല്‍കി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപിക്ക് വേണ്ടി മത്സരിത്തിനിറങ്ങുമ്പോഴാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം നേടി ബിജെപി രണ്ടാം സ്ഥാനത്തേക്കെത്തുന്നത്. 29.08 ശതമാനം വോട്ടു വിഹിതവും 40,076 വോട്ടും നേടി ബിജെപി രണ്ടാമതെത്തി. 2021ല്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച ഇ ശ്രീധരന്‍ വോട്ടു വിഹിതം 35.34 ശതമാനമാക്കി ഉയര്‍ത്തുകയും 50,220 വോട്ട് നേടി വിജയത്തിന് തൊട്ടരികില്‍ എത്തുകയും ചെയ്‌തു. അവിടെ നിന്നാണ് 2024ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കുത്തനെ നിലം പതിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 28.36 ശതമാനമായി വോട്ട് വിഹിതവും 39,246 ആയി വോട്ടും കുറഞ്ഞു.
2011 വരെ എല്‍ഡിഎഫിനും യുഡിഎഫിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് നിന്നിടത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ബിജെപിയാണ് ഉപതെരഞ്ഞെടുപ്പില്‍ കിതച്ചത്. അവസരം സുരേന്ദ്ര വിരുദ്ധ പക്ഷം ആയുധമാക്കി ബിജെപിയില്‍ കലാപം പടര്‍ത്തുകയായിരുന്നു. ഈ പടലപ്പിണക്കങ്ങള്‍ക്കിടെ നാളെ (ചൊവ്വാഴ്‌ച) കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പരസ്‌പരം ഏറ്റുമുട്ടലിലേക്ക് നേതാക്കള്‍ പോയേക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട്ടില്‍ എല്‍ഡിഎഫ് വോട്ട് ചോര്‍ച്ച സിപിഎമ്മിന് നേരെ തിരിച്ച് സിപിഐ: പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ നടത്തിയ തേരോട്ടത്തില്‍ പരമ്പരാഗത എല്‍ഡിഎഫ് കോട്ടകള്‍ കടപുഴകിയതിലാണ് സിപിഐക്ക് അമര്‍ഷം. തങ്ങളുടെ സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്കെതിരെ സിപിഎം ഗൗരവതരത്തിലുള്ള പ്രവര്‍ത്തനം താഴെത്തട്ടില്‍ നടത്തിയില്ലെന്നാണ് സിപിഐയുടെ പരാതി.
2024ലെ ലോക്‌സഭ പൊതു തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്‌ക്ക് 26 ശതമാനം വോട്ടു നേടാനായി. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 22 ശതമാനമായി കുറഞ്ഞു. ഏഴുമാസം മുമ്പ് ലഭിച്ചതിനേക്കാള്‍ 71,000 വോട്ടുകള്‍ അവര്‍ക്ക് നഷ്‌ടപ്പെട്ടു.
മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ 35 ബൂത്തുകളിലും കല്‍പ്പറ്റ നിമയസഭാ മണ്ഡലത്തിലെ 37 ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്ക് പിന്നിലായി. സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 4,749ല്‍ നിന്ന് 2,546 ആയി കുറയുകയും ചെയ്‌തു.
2014ല്‍ സത്യന്‍ മൊകേരി ആദ്യമായി വയനാട്ടില്‍ യുഡിഎഫിലെ എംഐ ഷാനാവാസിനെതിരെ മത്സരിക്കുമ്പോള്‍ 38.9 ശതമാനം വോട്ട് വിഹിതവും 3,56,165 വോട്ടും നേടിയിരുന്നു. പാര്‍ട്ടിക്ക് താരതമ്യേന സ്വാധീനം കുറഞ്ഞ മണ്ഡലത്തില്‍ സിപിഎം വേണ്ടത്ര ശ്രദ്ധ ഈ തെരഞ്ഞെടുപ്പില്‍ ചെലുത്തിയില്ലെന്നാണ് സിപിഐ കേന്ദ്രങ്ങളുടെ ആരോപണം. ഉപതെരഞ്ഞെടുപ്പിലാകട്ടെ ഏഴ് മാസം മുമ്പ് രാഹുല്‍ ഗാന്ധി നേടിയ 59.6 ശതമാനത്തില്‍ നിന്ന് 64.9 ശതമാനമാക്കി പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ വോട്ടു വിഹിതം വര്‍ധിപ്പിക്കുകയും ചെയ്‌തു.
ചേലക്കരയില്‍ രമ്യാ ഹരിദാസിനെ അടിച്ചേല്‍പ്പിച്ചെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം: ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഏഴുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിച്ച സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പുകയായിരുന്ന പരാതിയാണുയരുന്നത്. മികച്ച പ്രാദേശിക സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് സര്‍ക്കാരിനെതിരായ ജനവികാരം മുതലാക്കാമെന്നിരിക്കെ മോശം സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് എൽഡിഎഫിന് വിജയം താലത്തില്‍ വച്ചു സമ്മാനിച്ചെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്‍റെ പരാതി.
എംപിയായിരിക്കെ രമ്യാ ഹരിദാസിന്‍റെ പെരുമാറ്റം ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞതായിരുന്നെന്ന പരാതി പൊതുവേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്നു. ഇക്കാര്യം പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടും ഗൗരവത്തിലെടുക്കാതെ മികച്ച സ്ഥാനാര്‍ഥിയെന്ന നിലയില്‍ അവതരിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 2021 ലെ 39,000 എന്ന ഭൂരിപക്ഷത്തില്‍ നിന്ന് 12,220 വോട്ടാക്കി എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം കുറച്ചു എന്നത് മാത്രമാണ് യുഡിഎഫിന് ചേലക്കരയില്‍ ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക ഘടകം.
Also Read: പാലക്കാട്ടെ തിരിച്ചടിയുടെ കാരണമെന്ത്; ബിജെപിയില്‍ കൂലങ്കശമായ ചര്‍ച്ച