കാസർകോട് : മനുഷ്യന് മാത്രമല്ല, പക്ഷികൾക്കും ഹെൽമെറ്റ് സുരക്ഷിത കവചമാണ്. ഇരട്ടത്തലച്ചി ബുൾബുളിന്‍റെ കൂടാണ് ഇപ്പോൾ എടച്ചാക്കൈയിലെ ഇർഷാദ് ഇസ്‌മായിലിന്‍റെ ഹെൽമെറ്റ്. ഇതിൽ ബുൾബുളിന്‍റെ മൂന്നു കുഞ്ഞുങ്ങളും സുരക്ഷിതമായുണ്ട്.
കഴിഞ്ഞ മാസം സൈക്കിൾ സവാരിക്കായി എടുക്കുമ്പോഴാണ് തന്‍റെ ഹെൽമെറ്റിനുള്ളിലെ പക്ഷിക്കൂട് ഇർഷാദ് കാണുന്നത്. ഹെൽമെറ്റെടുത്താൽ കൂട് നഷ്‌ടപ്പെടുമെന്നോർത്തപ്പോൾ അത് തിരികെവച്ച ഇർഷാദ് കൂടൊരുക്കിയ പക്ഷികൾ മുട്ടയിട്ട് കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതുവരെ സൈക്കിൾ സവാരി ഒഴിവാക്കാനും തീരുമാനിച്ചു.
അങ്ങനെ ഓരോ ദിവസവും കൂട്ടിൽ എത്തുന്ന പക്ഷിയെ നിരീക്ഷിച്ചു. മുട്ടയിട്ടപ്പോൾ ഇരട്ടി സന്തോഷം. രണ്ടാഴ്‌ചക്ക് ശേഷം തവിട്ട് പുള്ളികളുള്ള മുട്ടകളിൽനിന്ന് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു മാസം കഴിഞ്ഞ് കുഞ്ഞുങ്ങൾ ചിറകടിച്ചുയർന്നു. ഇനി സൈക്കിൾ സവാരി വീണ്ടും തുടങ്ങുമെന്ന് ഇർഷാദ് പറഞ്ഞു. പക്ഷി കുഞ്ഞുങ്ങൾ വിരിഞ്ഞ് ഇറങ്ങാൻ കാത്തിരുന്നതിനെപറ്റി ചോദിച്ചപ്പോൾ ഇർഷാദിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു.
മരുഭൂമിയിൽ കൂടുവച്ച പക്ഷികൾക്കുവേണ്ടി നിർമാണം നിർത്തിവയ്‌ക്കാൻ നിർദേശിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്‍റെ നിലപാട് മനസിലൂടെ കടന്നുപോയെന്ന് ഇർഷാദ് പറഞ്ഞു. പൂർണ വളർച്ച എത്തിയ പക്ഷി കുഞ്ഞുങ്ങളെയും കൊണ്ട് ബുൾബുൾ പറന്നകന്നപ്പോൾ ഇർഷാദിനും കുടുംബത്തിനും ഇരട്ടി സന്തോഷം.