എറണാകുളം: കലിപ്പ് തീർക്കാൻ കണ്ണിൽ കണ്ട എന്തെങ്കിലും തല്ലി പൊളിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? പക്ഷേ സ്വന്തം വീട്ടിലോ ജോലി സ്ഥലത്തോ അങ്ങനെ കലിപ്പ് തീർക്കാൻ കഴിയില്ലെന്നറിയാം...എന്നാല്‍ അതിനൊരു മാർഗമുണ്ട്.
മാനസിക സമ്മർദ്ദമകറ്റാൻ വഴികൾ തേടുന്നവർക്ക് വേറിട്ടൊരു അനുഭവമൊരുക്കുകയാണ് കൊച്ചിയിലെ ബ്രേക് എൻ ചിൽ എന്ന ന്യൂജൻ സ്ഥാപനം. കലിപ്പ് തീർക്കാനും തല്ലി പൊളിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ റേജ് റൂം തയ്യാറാണ്. ഇതൊരു മാനസികമ്മർദ്ദ ലഘൂകരണ കേന്ദ്രവും വിനോദ കേന്ദ്രവും കൂടിയാണ്.
ചില വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ സംവിധാനത്തിന് കൊച്ചിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവിധ സുരക്ഷ സംവിധാനങ്ങളുമൊരുക്കി കുപ്പികൾ, കമ്പ്യൂട്ടറുകൾ, ടിവികൾ, എസികൾ, ട്യൂബുകൾ തുടങ്ങി വീടുകളിലും ഓഫിസുകളിലും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന വസ്‌തുകൾ തല്ലി തകർക്കുക എന്നതാണ് റേജ് റൂമിൽ നടക്കുന്ന പ്രവർത്തനം.
ഒരാൾക്ക് കട്ടകലിപ്പുമായി വന്ന് തല്ലി തകർത്ത് ശാന്തനായി മടങ്ങാമെന്നാണ് ബ്രേക്ക് എൻ ചിൽ സ്ഥാപനം ഇടപാടുകാർക്ക് നൽകുന്ന സന്ദേശം. മുൻകൂട്ടി ബുക്ക് ചെയ്‌ത് ഇവിടെയെത്തി നിശ്ചിത പണം നൽകി തല്ലി പൊളിച്ച് സംതൃപ്‌തിയോടെ മടങ്ങുന്നവർ നിരവധിയാണ്. തല്ലി പൊളിക്കുന്ന ഉപയോഗ ശൂന്യമായ വസ്‌തുക്കളുടെ എണ്ണമനുസരിച്ച് റേജ് റൂം ഉപയോഗിക്കുന്നതിന് വിവിധ താരിഫ് നിരക്കുകളാണ് ഈടാക്കുന്നത്.
ഒന്ന് ബ്രേക് എടുത്ത് വന്നു ചില്ലായി മടങ്ങാമെന്നാണ് തങ്ങൾ ഉപഭോക്താക്കളോട് പറയുന്നതെന്ന് ഉടമകളിലൊരാളായ സൂറത്ത് വർഗീസ് ഇടിവി ഭാരതിനോട് പറഞ്ഞു. സഹോദരങ്ങളായ അയ്‌ന, അബിഷേക് എന്നിവർക്ക് ഒപ്പമാണ് ബ്രേക് എൻ ചിൽ കാക്കനാട് ഇൻഫോപാർക്കിന് സമീപം ആരംഭിച്ചത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വന്തം സഹോദരി നേരിട്ട സമ്മർദ്ദങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആശയത്തെ കുറിച്ച് തങ്ങൾ ചർച്ച ചെയ്‌തത്. തുടർന്നാണ് ഇത്തരമൊരു സംരംഭത്തിൻ്റെ വിപണി സാധ്യത തിരിച്ചറിഞ്ഞതെന്നും സൂറത്ത് പറഞ്ഞു.
എല്ലാ ദിവസങ്ങളിലും വൈകുന്നേര സമയങ്ങളിലാണ് കൂടുതലായും യുവതി യുവാക്കൾ റേജ് റൂമിലെത്തുന്നത്. ഐടി മേഖലകളിൽ സമ്മർദ്ദത്തോടെ ജോലി ചെയ്യുന്നവരാണ് കൂടുതലായും ഇവിടെ എത്തുന്നത്. അവധി ദിനങ്ങളിൽ താരതമ്യേന തിരക്ക് കൂടുതലാണ്. ധരിക്കാനായി പ്രത്യേക കോട്ടുകൾ, ഹെൽമെറ്റ് , ഗ്ലൗസ്, ഷൂ എന്നിവ ധരിച്ച് ഹാമർ, ഹോക്കി സ്‌റ്റിക്ക്, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ചാണ് റേജ് റൂമിൽ അടിച്ചു പൊളിക്കുക.
സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് റേജ് റൂം പ്രവർത്തിക്കുന്നതെന്നും ഉടമകൾ വ്യക്തമാക്കി. അതേസമയം അടിച്ച് പൊളിക്കാൻ താൽപ്പര്യമില്ലാത്തവർക്കായി സോപ്പി ഫുട്ബോൾ, പ്രത്യേക ഗെയിം ഏരിയ എന്നിവയും ഇവിടെയുണ്ട്. യുവാക്കാൾ കൂട്ടാമായെത്തിയാണ് വഴുതുന്ന പ്രതലത്തിൽ സോപ്പി ഫുട്‌ബോൾ കളിച്ച്, വീണു രസിച്ച്, ഉല്ലസിച്ചു മടങ്ങുന്നത്.
മാറുന്ന ജീവിത സാഹചര്യത്തിന് അനുസരിച്ചുള്ള ഈ സ്ട്രസ്സ് ഫീ സ്ഥാപനത്തിലേക്ക് സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. പ്രവർത്തനം തുടങ്ങി ഒരു മാസത്തിനിടയിൽ തന്നെ ബ്രേക് എൻ ചിൽ സ്ഥാപനത്തിലേക്ക് നിരവധി പേരാണ് എത്തുന്നത്.