കണ്ണൂര്‍: നിരപരാധികള്‍ ബോംബ് രാഷ്ട്രീയത്തിന്‍റെ ഇരകളാവുന്നത് തുടര്‍ക്കഥയാവുന്നു. തലശ്ശേരി എരഞ്ഞോളിയില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടു പറമ്പില്‍ വയോധികന്‍ മരിച്ചത് അബദ്ധത്തില്‍ സ്റ്റീല്‍ ബോംബ് പെറുക്കിയെടുത്തപ്പോഴാണ്. പതിവുപോലെ പറമ്പിലെത്തിയ വേലായുധന്‍ സ്റ്റീല്‍ കൊണ്ടുളള ഡബ്ബ കൈകൊണ്ടെടുത്ത് ഉയര്‍ത്തുമ്പോഴേക്കും പൊട്ടിത്തെറിക്കുകയായിരുന്നു.
കൈകള്‍ ചിതറിയും മുഖത്ത് പരിക്കേറ്റുമാണ് ആ വയോധികന്‍റെ ജീവന്‍ പൊലിഞ്ഞത്. ബോംബുകള്‍ കൊണ്ട് രാഷ്ട്രീയക്കാര്‍ പരസ്‌പരം പോര്‍ വിളിക്കുന്ന നാടാണ് തലശേരിയും പാനൂരുമൊക്കെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. ആളൊഴിഞ്ഞ പറമ്പില്‍ ശേഖരിച്ചു വയ്‌ക്കുകയും ആവശ്യം വരുമ്പോള്‍ എതിരാളികളെ വകവരുത്താന്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് ഈ മേഖലയിലെ പതിവ്.
പുതിയ തലമുറ ഇതില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴാണ് വീണ്ടും ഇത്തരമൊരു അപകടം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമാവാസിയെന്ന തമിഴ് ബാലന്‍റെ ഇടതു കൈയ്യും വലതു കണ്ണും തകര്‍ന്നത് ഇപ്പോഴും മറക്കാനാവില്ല. ഭിക്ഷയെടുത്ത് ജീവിച്ചു പോന്ന കാളിയമ്മയുടെ മകനായിരുന്നു അമാവാസി.
1998ല്‍ ഒക്ടോബറിലെ ഒരു ദിവസം ആക്രി സാധനങ്ങള്‍ പെറുക്കവേ അമാവാസിയുടെ ശ്രദ്ധയില്‍ ഒരു സ്റ്റീല്‍ ഡബ്ബ പെട്ടു. ഭക്ഷണ സാധനമെന്ന് പ്രതീക്ഷിച്ച് ഡബ്ബയുടെ അടപ്പ് മാറ്റാന്‍ അമാവാസി ശ്രമിച്ചു. പിന്നീട് ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായത്. അമാവാസിയുടെ ഒരു കണ്ണും കൈയ്യും സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു. ഏറെ നാളത്തെ ചികിത്സക്ക് ശേഷം ബോംബ് സൃഷ്‌ടിച്ച വൈകല്യവുമായി അമാവാസിയും അമ്മയും കടത്തിണ്ണയില്‍ തന്നെ ശരണം പ്രാപിച്ചു.
അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധവുമായെത്തിയ കവയിത്രി സുഗതകുമാരി പാനൂരിലെ പൊതു വേദിയില്‍ വച്ച് അമാവാസിയെ മടിയിലിരുത്തി. കൈപ്പത്തി ഉയര്‍ത്തി സദസിനെ കാട്ടി. അതോടെ കൊല്ലം സായി നികേതന്‍ അമാവാസിയുടെ രക്ഷകരായി.
മലൈന്‍ കീഴിലെ നാല് സെന്‍റ് ഭൂമിയില്‍ അമ്മ കാളിയമ്മക്കൊപ്പം ജീവിക്കുകയാണ് ഇന്ന് യൗവനത്തിലെത്തിയ ഈ യുവാവ്. അതിനിടെ അമാവാസിയുടെ പേര് പൂര്‍ണ്ണ ചന്ദ്രന്‍ എന്നായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജീവിക്കാനായി പൂര്‍ണ്ണ ചന്ദ്രന് ജോലിയും നല്‍കി. എങ്കിലും കേരളം സമ്മാനിച്ച വൈകല്യവുമായി അമാവാസി ജീവിക്കുകയാണ്.
2000 സെപ്‌റ്റംബര്‍ 27ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബൂത്ത് പിടിക്കാനുളള ശ്രമത്തിനിടെയാണ് പൂവത്തൂരിലെ അസ്‌നക്ക് ബോംബേറ് ഏല്‍ക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പിലെ വാശിയും വൈരാഗ്യവും ഒന്നുമറിയാത്ത അസ്‌നക്ക് അന്ന് അഞ്ച് വയസായിരുന്നു. ബൂത്ത് പിടിക്കാനുളള ശ്രമത്തിനിടെ അനുജനൊപ്പം മുറ്റത്ത് കളിച്ച് കൊണ്ടിരിക്കവേയാണ് അസ്‌നക്ക് നേരെ ബോംബേറുണ്ടായത്.
അസ്‌നയുടെ വലതുകാല്‍ മുറ്റത്ത് ചിന്നിച്ചിതറി. അനുജന്‍ ആനന്ദ് ചോരയില്‍ മുങ്ങിക്കിടക്കുന്നു. അമ്മ ശാന്തക്കും പരിക്കേറ്റു. മൂവരെയും തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോടും എത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ അസ്‌നയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മുട്ടിന് മുകളില്‍ വച്ച് പിഞ്ചുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു.
കൃത്രിമക്കാലില്‍ പരിശീലനം നേടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അസ്‌നക്ക് നടക്കാനായത്. വേദന തിന്ന് കഴിയുന്നതിനിടെ അവള്‍ പഠിച്ചു മിടുക്കിയായി. ഒടുവില്‍ ഡോക്‌ടറായി. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ ഇനിയും ഏറെയുണ്ട്.