കോട്ടയം: റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ വർക്ക് ഷോപ്പുകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും വള്ളങ്ങളുടെ വർക്ക് ഷോപ്പ് കണ്ടിരിക്കാൻ സാധ്യത കുറവാണ്. അങ്ങനെ വള്ളങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്ന ഒരു പണിശാല ഇവിടെയുണ്ട്. കോട്ടയം കുമരകത്താണ് തടി വള്ളങ്ങളുടെ ഈ വർക് ഷോപ്പ്. കുമരകം വിശാഖം തറ മാത്തച്ചൻ്റെ ഈ വർക്ക് ഷോപ്പിൽ ഇതുവരെ ആയിരത്തിലധികം വള്ളങ്ങളുടെ കേടുപാടുകൾ മാറ്റി നൽകിയിട്ടുണ്ട്.
25 ടണ്ണിലധികം ഭാരം വഹിക്കുന്ന കെട്ടുവള്ളം മുതൽ ചെറു വള്ളങ്ങളുടെ വരെ അറ്റകുറ്റ പണികൾ 25 വർഷമായി മാത്തച്ചൻ ചെയ്‌തു വരുന്നു. ഇതോടൊപ്പം ചെറുവള്ളങ്ങൾ പുതിയതായി നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. കുമരകം ബോട്ട് ജെട്ടിക്ക് സമീപമാണ് മാത്തച്ചൻ്റെ ഈ വർക് ഷോപ്പ് ഇതുവരെ 1000 ലധികം വള്ളങ്ങളുടെ കേടുപാടുകൾ തീർത്തു നൽകിയിട്ടുണ്ട് മാത്തച്ചൻ. സ്ഥിരം പണിക്കാരും വർക്ഷോപ്പിലുണ്ട്.
100 ലധികം വള്ളങ്ങൾ മാത്തച്ചന് സ്വന്തമായി ഉണ്ടായിരുന്നു അവയുടെ റിപ്പയറിങ് സ്വന്തമായി നടത്താൻ തുടങ്ങിയതോടെ വർക്ഷോപ്പിൽ പിന്നെ മറ്റുള്ളവരും വള്ളങ്ങൾ നന്നാക്കാൻ കൊണ്ടു വന്നു തുടങ്ങുകയായിരുന്നു.
സാധാരണ മരപ്പണി പോലെയല്ല വള്ളത്തിൻ്റെ പണികൾ എന്ന് മാത്തച്ചൻ പറയുന്നു. ഈ പണിക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്. മീൻ എണ്ണ തേച്ച് തീയിൽ തടി വഴക്കിയെടുക്കണം. കയർ കെട്ടി അല്ലെങ്കിൽ ചെമ്പ് തറയിട്ട് വെള്ളം കയറാത്ത രീതിയിൽ പലകകൾ കൂട്ടിയോജിപ്പിക്കണം.
മാരാരിക്കുളത്തെ ഹോം സ്‌റ്റേയിലെത്തിയ സായിപ്പിനായി 4 പേർക്കിരിക്കാവുന്ന പ്രത്യേക തരം പുത്തൻ വള്ളം പണിയുന്ന തിരക്കിലാണ് ഇപ്പോൾ മാത്തച്ചൻ. വർക്ഷോപ്പിനോട് ചേർന്നുള്ള കടവിലാണ് വള്ളങ്ങൾ പണിക്കായി എത്തിക്കുന്നത്. അവിടെ നിന്ന് യന്ത്രം ഉപയോഗിച്ച് വള്ളം കരയിലേക്ക് വലിച്ചുകയറ്റും പിന്നെ ദിവസങ്ങൾ നീണ്ട അധ്വാനത്തിന് ശേഷം കേടുപാടുകൾ തീർത്ത് വള്ളം തിരിച്ച് വെള്ളത്തിൽ ഇറക്കും. വള്ളം വലിച്ചു കയറ്റുന്ന യന്ത്രം ഉണ്ടാക്കിയതും മാത്തച്ചൻ തന്നെ വള്ളങ്ങളുടെ ഉപയോഗം കുറഞ്ഞത് ചെറിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും മാത്തച്ചൻ പറയുന്നു.