കോഴിക്കോട് : അനേകർക്ക് രക്തം ദാനം ചെയ്‌ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് മാളിക തടത്തിൽ പ്രജീഷ് (37) ഓർമയായി. രക്തദാനവും ജനസേവനവും ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയിരുന്ന പ്രജീഷിന് തലച്ചോറിൻ്റെ തകരാർ പരിഹരിക്കാൻ ചെയ്‌ത ഓപ്പറേഷന് ശേഷം ഉണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്‌തത് പ്രജീഷ് ആയിരുന്നു. സ്വന്തം ബൈക്കിനു പുറകിൽ രക്തം ആവശ്യമുള്ളവർക്ക് വിളിക്കാനായി രക്ത ഗ്രൂപ്പും ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു പ്രജീഷിന്‍റെ സഞ്ചാരം.
അങ്ങിനെയുള്ള പ്രജീഷിന്‍റെ നന്മയറിയാവുന്ന നാട്ടുകാർ ചികിത്സയ്ക്കായി ഒന്നിച്ചിരുന്നു. ഇതിനായി വിളിച്ചുചേർത്ത യോഗത്തിൽ അരമണിക്കൂർ കൊണ്ട് 28 ലക്ഷം രൂപയും ഇവർ സമാഹരിച്ചു. എന്നാൽ ഇതൊന്നും പ്രജീഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
വിദേശത്തുനിന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് പ്രജീഷ് രോഗബാധിതനായത്. രണ്ട് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അച്ഛനാണ് പ്രജീഷ്. മുക്കത്തെ എംടി സ്‌റ്റോറുടമ പ്രഭാകരനാണ് പിതാവ്. മാതാവ് റീജ. ഭാര്യ അമൃത ചേനോത്ത്. മക്കൾ ഇവാൻ, ഇശൽ. പ്രജീഷിനോടുള്ള ആദരവ് അർപ്പിക്കുന്നതിനു വേണ്ടി മുക്കത്തിന് സമീപം കാരശ്ശേരി ബാങ്കിന് കീഴിലെ സ്‌മൈൽ ചാരിറ്റബിൾ സൊസൈറ്റി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.