തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ സീറ്റുകളിലും വോട്ട് വിഹിതത്തിലും വർധനവുണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ദേവേന്ദ്ര ഫഡ്‌നാവിസ് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കേരളം ഇത്തവണ അത്ഭുതം സൃഷ്‌ടിക്കും. തിരുവനന്തപുരത്തിന്‍റെ കാര്യത്തിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളാ സ്‌റ്റോറി വിവാദത്തിൽ മുൻകാലങ്ങളിലും വിവിധ സിനിമകൾ ദൂരദർശനിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഫഡ്‌നാവിസിന്‍റെ പ്രതികരണം. സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കേരളാ സ്‌റ്റോറി. അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ വിരുദ്ധ സിനിമകൾ പോലും പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി കാര്യമായ മുന്നേറ്റമുണ്ടാക്കും. സീറ്റുകളിലും വോട്ട് വിഹിതത്തിലും വർധനവുണ്ടാകും. സിപിഎം, കോൺഗ്രസ് പാർട്ടികളുടെ അജണ്ട അഴിമതിയാണ്. കേരളം വികസനത്തിൽ പുറകോട്ട് പോകുന്നു. കേരളത്തിലേത് ദുർഭരണമാണ്. വോട്ട് ബാങ്കിന്‍റെ പേരിൽ സംസ്ഥാനത്ത് രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നു. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കുന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തവണ നാനൂറിൽ കൂടുതൽ സീറ്റുകൾ ലഭിക്കും. രാജ്യത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് മത്സരം, മോദിയുടെ ഗ്രൂപ്പും രാഹുൽ ഗാന്ധിയുടെ ഗ്രൂപ്പും. ഇടതിന് വോട്ട് ചെയ്‌താലും ആ വോട്ട് ലഭിക്കുക രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം പറഞ്ഞു. പാനൂർ ബോംബ് സ്ഫോടനം അതീവ ഗൗരവതരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിനൊന്ന് മണിയോടെ തിരുവനന്തപുരത്തെത്തിയ ഫഡ്‌നാവിസ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്.