കോഴിക്കോട്: പക്ഷികളെ വേട്ടയാടി ദ്രോഹിക്കുന്ന സംഘത്തെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി നാട്ടുകാര്‍. കൊടിയത്തൂർ പഞ്ചായത്തിലേ കാരകുറ്റി വയലിലാണ് ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടുന്ന സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ പിടികൂടിയത്. കൂട്ടത്തിലെ മറ്റൊരാൾ ഓടിരക്ഷപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു.
പന്നിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മണികണ്‌ഠൻ ,രാജേഷ് , രവി എന്നിവരാണ് പിടിയിലായത്. വയലിൽ വരുന്ന പ്രാവുകൾ, വിവിധ തരം കൊറ്റികൾ, ദേശാടന പക്ഷികൾ തുടങ്ങിയവയാണ് ഇവരുടെ ക്രൂരതയ്‌ക്ക് ബലിയാടാകുന്ന പ്രധാന ഇരകൾ. ഏറ്റവും കൂടുതൽ പ്രാവുകളെയാണ് ഇവർ വേട്ടക്ക് ഇരയാക്കുന്നത്.
ഓരോ ദിവസവും നിരവധി പ്രാവുകളെ ഇവർ പിടികൂടുന്നുണ്ടായിരുന്നു. പിടി കൂടുന്ന പക്ഷികളുടെ കണ്ണിൽ കമ്പി കയറ്റി വയലിൽ കെട്ടിയിടുകയും അത് കണ്ടു വരുന്ന ബാക്കി പക്ഷികളെ പിടികൂടുകയും ക്രൂരമായി കഴുത്തു ഞെരിച്ചു കൊന്നു ചാക്കിൽ ആക്കുകയും ചെയ്യും. വർഷങ്ങളായി ഈ ഭാഗങ്ങളിൽ ഇവർ ഇത്തരത്തിൽ പക്ഷികളെ വേട്ടയാടാൻ തുടങ്ങിയിട്ട്.
എന്നാൽ, പിടികൂടുമ്പോൾ തെളിവില്ലാത്തതിനാൽ തുടർ നടപടികൾ സ്വീകരിക്കൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ തെളിവോട് കൂടിയാണ് ക്ഷി സ്നേഹികൾ വേട്ടയാടൽ സംഘത്തെ പിടികൂടിയത്. പക്ഷികളെ പിടികൂടുന്നത് ഭക്ഷിക്കാൻ വേണ്ടിയാണെന്നും കൂടെ വേറെയും ആളുകൾ ഉണ്ടെന്നും പിടിയിലായവർ പറഞ്ഞു. നാട്ടുകാരുടെ പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൂന്ന് പ്രതികളെയും കസ്‌റ്റഡിയിലെടുത്തു.