പത്തനംതിട്ട: തിരുവല്ല നിരണം സർക്കാർ താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഫാമിലെ താറാവുകളെ പൂര്‍ണ്ണമായും കൊന്നൊടുക്കി ശാസ്‌ത്രീയമായി സംസ്‌കരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ പറഞ്ഞു. ഇന്ന് ഫാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി അഞ്ച് ദ്രുതകര്‍മ സേനകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
സംസ്‌കരണം വേഗത്തിലാക്കുന്നതിനും ഇതുമൂലം ഉണ്ടാകുന്ന പുക കുറയ്ക്കുന്നതിനുമായി ഗ്യാസ് ചേബര്‍ ഉപയോഗിച്ചുള്ള സംസ്‌കരണമാണ് നടത്തുന്നത്. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള താറാവുകളുടെ വിവരം ശേഖരിക്കാന്‍ ആശ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയെ മൂന്നാം ദിവസം സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖാപിച്ചിട്ടുണ്ട്. 10 കിലോമീറ്റര്‍ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പുറത്തേക്കു പോകുന്നത് നിരോധിച്ചിട്ടുണ്ട്. പൊലീസിന് ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫാമിന് പുറത്ത് മറ്റ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്‌ടര്‍ അറിയിച്ചു.
ആശങ്ക വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച് 5 എന്‍ 1. എന്നാല്‍ ഇത് മനുഷ്യരിലും ബാധിക്കാം.
രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്‌ടവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം മൂലം വൈറസ് മനുഷ്യരിലേക്ക് പടരാം. ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, ശ്വാസതടസം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്.
രോഗബാധിത പ്രദേശങ്ങളിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളുമായി അകലം പാലിക്കുക. വളര്‍ത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്. പക്ഷികളെ വളര്‍ത്തുന്ന സ്ഥലം/കൂടിന്‍റെ പരിസരത്ത് പോകരുത്. മുട്ട, മാംസം എന്നിവ നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക.
ചത്ത പക്ഷികള്‍, കാഷ്‌ടം മുതലായ വസ്‌തുക്കളുമായി സമ്പര്‍ക്കത്തില്‍ ആയാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. രോഗബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക. പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സ്വയം ശ്രദ്ധിക്കുക. ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക.
Also Read: പക്ഷിപ്പനി; തിരുവല്ല ഡക്ക് ഫാമിലെ താറാവുകളെ കള്ളിങ് ചെയ്യാന്‍ തീരുമാനം