പത്തനംതിട്ട : തിരുവല്ലയിലെ നിരണത്ത് പക്ഷിപ്പനിയെത്തുടർന്ന് താറാവുകളെ കൂട്ടത്തോടെ കൊല്ലാന്‍ തുടങ്ങി. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളുടെ കൃത്യമായ എണ്ണമെടുത്ത് അവയെ കൊന്ന് പ്രദേശം അണുവിമുക്തമാക്കും.
പത്തനംതിട്ട തിരുവല്ല നിരണം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ രോഗബാധ സ്ഥിരീകരിച്ച പ്രദേശത്താണ് ഇന്ന് രാവിലെ എട്ടോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലാന്‍ ആരംഭിച്ചത്. തദ്ദേശ, മൃഗസംരക്ഷണ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. നിരണം ബേത്‌ലഹേം പള്ളിക്ക് സമീപ പ്രദേശങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളുടെ എണ്ണം കണക്കാക്കി അവയെ കൊന്ന് പ്രദേശം പൂർണമായും അണുവിമുക്തമാക്കാനാണ് തീരുമാനം. രണ്ട് കർഷകരുടെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആറാം വാർഡിലുള്ള മൃഗസംരക്ഷണ വകുപ്പിൻ്റെ ഡക്ക് ഫാമിൽ കഴിഞ്ഞയാഴ്‌ച പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന മുഴുവൻ താറാവുകളെയും കള്ളിങ്ങിനും മോപ്പിങ്ങിനും വിധേയമാക്കി.
ALSO READ: വാഹനങ്ങൾ തടഞ്ഞ് കാട്ടുകൊമ്പൻ ; അതിരപ്പിള്ളി-ചാലക്കുടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു