കോട്ടയം: പാലായിൽ കേരള കോൺഗ്രസിൻ്റെ എതിർപ്പിനെ തുടർന്ന് ചെയർമാൻ സ്ഥാനം നഷ്‌ടമായ സിപിഐഎം കൗൺസിലർ ബിനു പുളിക്കകണ്ടം പ്രതിഷേധ സൂചകമായി കറുപ്പ് വസ്‌ത്രം ധരിക്കുന്നത് നിര്‍ത്തുന്നു. ചെയർമാൻ സ്ഥാനം നഷ്‌ടപ്പെട്ടതിന് പിന്നാലെ കറുപ്പ് വസ്‌ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്. ഒന്നര വർഷം മുമ്പ് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം ബിനു പുളിക്കകണ്ടത്തിന് നഷ്‌ടമായി എന്നാണ് ആരോപണം.
ഇപ്പോൾ രാജ്യസഭ സീറ്റ് ജോസ് കെ മാണിയുടെ സമ്മർദത്തെ തുടർന്ന് സിപിഐഎം വിട്ടു നൽകി. രണ്ടു വിഷയങ്ങളിലും സിപിഐഎം കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി. നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്‌ട്രീയ യുദ്ധത്തിന് ഇല്ലെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
ജനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാതെ പാർലമെൻ്ററി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ മാണിക്ക് രാഷ്‌ട്രീയ മര്യാദയില്ലെന്നാണ് ബിനുവിൻ്റെ നിലപാട്. അടുത്ത കൗൺസിൽ യോഗം മുതൽ താൻ വെളുത്ത വസ്‌ത്രം ധരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൗൺസിൽ യോഗത്തിനിടെ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ എതിരാളി മാണി സി കാപ്പന് പിന്തുണ നൽകിയതുമാണ് ബിനുവിനോട് കേരള കോണ്‍ഗ്രസിൻ്റെ ശത്രുതയ്‌ക്ക് കാരണം.
ALSO READ: മുസ്‌ലിം ലീഗിന്‍റെ രാജ്യസഭ സ്ഥാനാർഥിയായി ഹാരിസ് ബീരാൻ; നാമനിർദേശ പത്രിക സമർപ്പിച്ചു