എറണാകുളം : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള വ്യത്യസ്‌തമായ തന്ത്രങ്ങൾ സ്ഥാനാർത്ഥികൾ സ്വീകരിക്കാറുണ്ട്. എന്നാൽ സ്ഥാനാർതികളുടെ സ്വാഭാവികമായ ചില ഇടപെടലുകൾ വോട്ടർമാർ സ്വമേധയാ സ്വീകരിക്കുകയും അവ വൈറാലാവുകയും ചെയ്യാറുണ്ട്. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ബെന്നി ബെഹനാനും ഭിന്ന ശേഷിക്കാരനായ മാണിക്കമംഗലം സ്വദേശി ജിനോയും പ്രചാരണത്തിനിടെ കണ്ടുമുട്ടിയത് അത്തരത്തിൻ വേറിട്ട അനുഭവമായി.
സംസാര ശേഷിയില്ലാത്ത ഒരു മകനുള്ള ബെന്നി ബെഹനാൻ, സംസാരശേഷിയില്ലാത്ത വോട്ടറെ കണ്ടുമുട്ടിയതോടെ ആംഗ്യഭാഷയിൽ വാചാലാനാവുകയായിരുന്നു. ഇത് കണ്ടു നിന്നവർക്ക് കൗതുകമായി. പ്രചാരണത്തിനിടെ എസ് സി എം എസ് കോളേജിൽ എത്തിയപ്പോഴായിരുന്നു അവിടത്തെ ജീവനക്കാരനായ കാലടി മാണിക്കമംഗലം സ്വദേശി ജിനോയെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാന്‍ എം പി അവിചാരിതമായി കണ്ടുമുട്ടിയത്.
സംസാര ശേഷിയില്ലാത്ത ജിനോയുമായി ബെന്നി ബെഹനാൻ ആംഗ്യ ഭാഷയിൽ സംസാരിക്കുകയും, വോട്ട് അഭ്യർത്ഥിക്കുകയും, വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. എനിക്കും നിന്നെ പോലെയൊരു മകനുണ്ട്, അവന് സംസാരിക്കാൻ കഴിയില്ല, പക്ഷെ ഇപ്പോൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്, ജിനോയോട് ബെന്നി ബെഹനാൻ പറഞ്ഞു. ജോലിയെ കുറിച്ചും വീട്ടിലെ വിശേഷങ്ങളെ കുറിച്ചുമെല്ലാം ഇരുവരും പങ്ക് വച്ചു.
മറ്റു കുട്ടികളെ പോലെ തന്നെ മിടുക്കരായി പഠിക്കുവാനും മികച്ച ജോലി നേടാനും ഭിന്നശേഷി കുട്ടികൾക്കൊപ്പം നില്‍ക്കാൻ അവരുടെ മാതാപിതാക്കളും സമൂഹവും തയാറാകണമെന്ന് ഒപ്പമുണ്ടായിരുന്നവരോട് ബെന്നി ബെഹനാൻ പറഞ്ഞു. അവരെയും മുഖ്യധാരയിൽ എത്തിക്കാനുള്ള പ്രാഥമിക ചുമതല നമുക്കും പൊതു സമൂഹത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മകനെ പോലെ ജീവിതത്തിൽ വിജയം കൈവരിച്ച മറ്റൊരു കുട്ടിയെ കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേര്‍ത്തു.