വയനാട്: മാനന്തവാടിയിൽ ഒഴക്കോടിയിലെ പാലക്കപ്പറമ്പില്‍ ചിന്നപ്പന്‍റെ വീട്ടില്‍ രണ്ടാഴ്‌ച മുമ്പാണ് വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. രാത്രി വീട്ടില്‍ കിടന്നുറങ്ങാനാവാത്ത അവസ്ഥ. ഒപ്പം രാത്രിയില്‍ പാമ്പ് ചീറ്റുന്നതു പോലത്തെ ശബ്‌ദവും. മുത്തശ്ശിയോടൊപ്പം കിടന്ന കുട്ടികള്‍ ഭയന്ന് ഉറങ്ങാതായി.
വീട്ടിലെ കിടപ്പുമുറികളില്‍ ദുര്‍ഗന്ധം കൂടിക്കൂടി വരുന്നു. നാറ്റം അസഹ്യമായതോടെ ഉറവിടം തേടി വീട്ടുകാര്‍ അന്വേഷണം തുടങ്ങി.ആ അന്വേഷണത്തിനൊടുവില്‍ അവരെത്തിച്ചേര്‍ന്നത് മനോഹരമായൊരു കാഴ്‌ചലായിരുന്നു. വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ കൂടൊരുക്കി താമസമാക്കിയ വെള്ളിമൂങ്ങകളാണ് പാമ്പ് ചീറ്റുന്നത് പോലുള്ള ശബ്‌ദമുണ്ടാക്കുന്നത്. ഒന്നല്ല ആറ് വെള്ളിമൂങ്ങകള്‍ ഒരമ്മയും അഞ്ച് കുട്ടികളും.
വിരുന്നെത്തിയ വെള്ളിമൂങ്ങകൾ ചിന്നപ്പന്‍റെ വീട്ടിന്‍റെ സണ്‍ഷെയ്‌ഡില്‍ കൂടൊരുക്കി താമസമാക്കിയിരിക്കുകയാണ്. സംഭവം വീട്ടുകാര്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. "ഒരു മാസം മുമ്പാണ് വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്. ആദ്യമെല്ലാം വരവ് അപൂർവമായിരുന്നെങ്കിലും പിന്നീട് സന്ധ്യാസമയത്ത് സ്ഥിരമായി വെള്ളിമൂങ്ങയെ ആ തെങ്ങിൽ കണ്ടു തുടങ്ങി. പിന്നീട് മഴ വന്നതോടെ വെള്ളി മൂങ്ങകളെ കാണാതായി.
ഇതിനിടയിലാണ് ഒരുമാസം മുമ്പ് വീട്ടിലെ കിടപ്പുമുറിയിൽ ദുർഗന്ധം പരന്ന് തുടങ്ങിയത്. വീടും പറമ്പും മുഴുവനും പലതവണ വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ല. കിടപ്പ് മുറിയുടെ എയര്‍ഹോള്‍ അടച്ചപ്പോള്‍ നാറ്റത്തിന് കുറവുണ്ടായിരുന്നു. പിന്നീട് രാത്രിയിൽ പാമ്പ് ചീറ്റുന്നത് പോലുള്ള ശബ്‌ദം കൂടി കേട്ട് തുടങ്ങിയതോടെ ഉറക്കവും പോയി.
ഉറവിടം കണ്ടെത്താനാകാതെ ആശങ്കപ്പെട്ട് നിൽക്കുമ്പോഴാണ് ഒരു വെള്ളിമൂങ്ങ എലിയേയും കൊണ്ട് വീടിന്‍റെ സൺഷെയ്‌ഡിന്‍റെ മൂലയിലേക്ക് പറന്നു വരുന്നത് കണ്ടത്. കുറച്ചു കഴിഞ്ഞ് ഒരു കോണി വച്ച് കയറി നോക്കിയപ്പോൾ കണ്ടത് വെള്ളിമൂങ്ങയേയും തൂവൽ മുളച്ചു വരുന്ന അഞ്ച് കുഞ്ഞുങ്ങളേയുമാണ്. ചത്ത എലിയുടെ ദുര്‍ഗന്ധമാണ് വീട്ടിലെങ്ങും പരന്നത്."
പ്രദേശത്ത് വെളളിമൂങ്ങ വരാറുള്ള കാര്യം നേരത്തേതന്നെ ഇവര്‍ വനം വകുപ്പിൽ അറിയിച്ചിരുന്നു. ഇപ്പോള്‍ വെള്ളിമൂങ്ങയേയും കുഞ്ഞുങ്ങളേയും കണ്ടെത്തിയ സന്തോഷത്തിലാണ് വീട്ടുകാരെങ്കിലും പിന്നീടങ്ങോട്ടുള്ള കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ വേവലാതിയായി. ഇതിനകം തന്നെ നാട്ടുകാര്‍ക്ക് കൗതുക കാഴ്‌ചയായി മാറിയിരിക്കുകയാണ് ഈ വെള്ളിമൂങ്ങകൾ. ഉടനെ വനം വകുപ്പില്‍ വിവരം അറിയിച്ചു. അതിനു മുമ്പ് ഒരു കാര്യം ചെയ്യാന്‍ അവര്‍ മറന്നില്ല. അടുത്തുള്ള സ്റ്റുഡിയോക്കാരെ വിളിച്ച് വെള്ളിമൂങ്ങയുടേയും കുഞ്ഞുങ്ങളുടേയും മനോഹര ചിത്രങ്ങള്‍ പകര്‍ത്തി വച്ചു.
സംരക്ഷിത വിഭാഗത്തില്‍പ്പെട്ട പക്ഷി
വെള്ളിമൂങ്ങയെ സൂക്ഷിക്കുന്നതും വളര്‍ത്തുന്നതും എല്ലാം വന്യജീവി സംരക്ഷണ നിയമത്തിന് എതിരായതിനാല്‍ വീട്ടുകാര്‍ മാനന്തവാടി വനപാലകരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലക സംഘം മൂങ്ങകള്‍ തീരെ ചെറിയതായതിനാലും വീട്ടുകാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാത്തതിനാലും അവിടെ തന്നെ തുടരാന്‍ വിടുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പണ്ട് കാടുകളില്‍ മാത്രം കണ്ടിരുന്ന ഈ പക്ഷിയെ ഇപ്പോള്‍ നഗരങ്ങളിലും കൂടുതലായി കണ്ടു വരുന്നുണ്ട്. കാടുകളിലെ മരപ്പൊത്തുകളിലാണ് ഇവ സാധാരണയായി ജീവിക്കുന്നത്. വാസസ്ഥലം നഷ്‌ടപ്പെടുമ്പോഴാണ് പലപ്പോഴും വന്യജീവികള്‍ മനുഷ്യര്‍ താമസിക്കുന്ന മേഖലകളിലേക്ക് കടന്നുകയറുന്നത്. വിദേശത്ത് വളരെ ഡിമാന്‍ഡുള്ള ജീവിയാണ് വെള്ളിമൂങ്ങ.
ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വാസം
ആഭിചാര ക്രിയകളില്‍ ഒഴിച്ചുകൂടാനാവാത്തവയാണിവ. ദുര്‍മന്ത്രവാദികള്‍ ഇവയുടെ ചിറക്, തൂവല്‍, മാംസം, രക്തം എന്നിവ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. ഇവയെ വളര്‍ത്തുകയാണെങ്കില്‍ വലിയ സമ്പത്തും സൗഭാഗ്യങ്ങളും കൈവരും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്തായാലും വന്യജീവിക്കടത്തില്‍ വെള്ളിമൂങ്ങകളാണ് കൂടുതലും.
ആകർഷണീയമായ രൂപമായിരിക്കാം, ഒരു പക്ഷേ ഇവയ്‌ക്ക് ദിവ്യ പരിവേഷം നല്‍കുന്നത്. വന്യജീവി സംരക്ഷണ പട്ടികയില്‍പ്പെട്ട ഈ പക്ഷികൾ വംശനാശത്തില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
Also Read: തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികളെത്തി; മൃഗങ്ങളെത്തിയത് ശിവമോഗയിൽ നിന്ന് ▶വീഡിയോ