കോഴിക്കോട്: സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റ് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങി. ബാലുശേരി സഹകരണ അർബൻ ബാങ്ക് കളക്ഷൻ ഏജന്‍റായ എൻകെ മിനിയാണ് നാട്ടുകാരിൽ നിന്നും സ്വർണവും പണവും തട്ടിയത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മിനിയെ പാർട്ടിയിൽ നിന്നും പുറത്താക്കി.
തുരുത്തിയാട് പിലാത്തോട്ടത്തിൽ പ്രിയ, ഭർത്താവ് പി നിഷികുമാർ തുടങ്ങി നിരവധി പേരാണ് പൊലീസിൽ പരാതി നൽകിയത്. 60 പവൻ സ്വർണവും 15 ലക്ഷം രൂപയുമാണ് ഇവർക്ക് നഷ്‌ടമായത്. കൊക്കല്ലൂർ പറമ്പിൽ മീത്തൽ ജിസിക്ക് 34 പവനും 31 ലക്ഷം രൂപയും, ജിസിയുടെ അമ്മ റീജ പടിക്കലിന് 6 പവനും 2.80 ലക്ഷവും നഷ്‌ടമായി.
അയൽവാസി ജിഷ പടിക്കലിന് 17 പവനും, കോക്കല്ലൂർ കുഞ്ഞോത്ത് പ്രീതക്ക് രണ്ടര പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും നഷ്‌ടമായി. ഇങ്ങനെ പലരിൽ നിന്നായി 430 പവൻ സ്വർണവും 80 ലക്ഷം രൂപയുമാണ് മിനി കൈക്കലാക്കിയത്. ഏറെ അടുപ്പമുള്ളവരിൽ നിന്നാണ് മിനി പണവും സ്വർണവും തട്ടിയത്. ബാങ്കിൽ പലരുടേതായി വായ്‌പ തിരിച്ചടക്കാതെ മുടങ്ങിക്കിടക്കുന്ന ഈട് സ്വർണം ലേലത്തിൽ പിടിക്കാനെന്ന് പറഞ്ഞാണ് തട്ടിപ്പ്.
ലേലത്തിൽ പിടിക്കുന്ന സ്വർണം വിറ്റ് ലാഭം കൈമാറാമെന്നായിരുന്നു വാഗ്‌ദാനം. സഹകരണ ബാങ്കിൽ തൻ്റെ ജോലി സ്ഥിരപ്പെടുത്താനെന്ന് പറഞ്ഞ് മറ്റു ചിലരിൽ നിന്നും പണവും സ്വർണവും വാങ്ങി. ആദ്യം പണവും സ്വർണവും നൽകിയവർക്ക് ചെറിയ തുക ലാഭമെന്ന് പറഞ്ഞ് കൈമാറിയിരുന്നു. ഇതാണ് മറ്റുള്ളവരെ ആകർഷിച്ചതും തട്ടിപ്പിനിരയാകാനും കാരണം.
തട്ടിപ്പുമായി ബന്ധമില്ലെന്ന് ബാങ്ക് ചെയർമാൻ ഗിരിധരൻ ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം സ്വർണപ്പണയത്തിന് ആകർഷകമായ സ്‌കീമുകൾ ബാങ്ക് പ്രഖ്യാപിച്ചതും തട്ടിപ്പും തമ്മിൽ ബന്ധമുണ്ടോ എന്നും അന്വേഷണ പരിധിയിൽ വരും.
Also Read: 'ഹൈടെക്' ലോട്ടറി തട്ടിപ്പ്: വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം?