കോഴിക്കോട്: രണ്ടുദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം. ചാത്തമംഗലം വെള്ളലശ്ശേരി വയലില്‍ അഞ്ഞൂറോളം നേന്ത്രവാഴകൾ നശിച്ചു. കർഷകനായ പ്രകാശൻ പൊന്നക്കാതടത്തിന്‍റെ കൃഷിയിടത്തിലെ വാഴകളാണ് നിലംപൊത്തിയത്.
കൃഷിയിറക്കിയ നേന്ത്രവാഴകൾ പൂർണമായി ഒടിഞ്ഞു വീണു. ഒന്നര മാസത്തിനകം വിളവെടുക്കാന്‍ പാകമായ വാഴകളാണ് നശിച്ചത്. വാഴകൾ നശിച്ചത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്താണ് ഇത്തവണ കൂടുതൽ പേരും വാഴകൃഷി ഇറക്കിയത്. ആ കൃഷിയാണ് പൂർണമായും നശിച്ചത്. കൃഷി നശിച്ചതോടെ ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് കർഷകൻ.
ഇത്തവണ വാഴ കുലകൾക്ക് വലിയ ഡിമാൻ്റും ഏറിയ വിലയും വിപണിയിൽ
ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓണ വിപണി അടുക്കുമ്പോഴേക്കും
വാഴക്കുലകൾ വിപണിയിലെത്തിക്കാം എന്ന പ്രതീക്ഷയായിരുന്നു. അത്തരം പ്രതീക്ഷകളാണ് ശക്തമായ കാറ്റിലും മഴയിലും ഇല്ലാതായത്.
ALSO READ: കാറിന് മുകളിലേക്ക് മരം വീണ് അപകടം; ഒരാള്‍ മരിച്ചു, ഗർഭിണിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്