തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് പ്രവർത്തകരെ കൊണ്ടുപോകുന്നതിന് ബിജെപി സംസ്ഥാന ഘടകം ഏർപ്പെടുത്തിയ പ്രത്യേക ട്രെയിൻ സർവീസ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ടു. രണ്ടാമത്തെ ട്രെയിനാണ് ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ യാത്ര ആരംഭിച്ചത്. ട്രെയിൻ പുറപ്പെടുന്നതിനുമുമ്പ് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം മുഴക്കി (kerala to Ayodhya special train).
ബിജെപി സംസ്ഥാന ഘടകമാണ് സ്പെഷ്യൽ സർവീസിലേക്ക് ആളുകളെ തെരഞ്ഞെടുത്തത്. 3300 രൂപയാണ് നിരക്കെന്ന് ഐആർസിടിസി അധികൃതർ പറഞ്ഞു. ആയിരത്തോളം പേരാണ് രണ്ടാം സർവീസിൽ അയോധ്യയിലേക്ക് പുറപ്പെട്ടത്. 8ന് കന്യാകുമാരി, തിരുവനന്തപുരം, കോട്ടയം വഴി ആദ്യ സ്പെഷ്യൽ ട്രെയിൻ സർവീസ് അയോധ്യയിലേക്ക് പുറപ്പെട്ടിരുന്നു.
800 മുതൽ 1000 യാത്രക്കാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ സ്പെഷ്യൽ സർവീസ് അനുവദിക്കുകയുള്ളൂ. ഐആർസിടിസി ടൂറിസം വിഭാഗം വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഇവരുടെ താമസം, ഭക്ഷണം ഉൾപ്പടെയുള്ള എല്ലാ ചെലവുകളും സഹിതമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
ബിജെപി നേതാക്കളായ ഒ രാജഗോപാൽ, വിവി രാജേഷ് അടക്കമുള്ളവർ ഇവരെ യാത്രയാക്കാൻ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. തിരുവനന്തപുരം- കൊല്ലം -കായംകുളം- കോട്ടയം- എറണാകുളം തൃശ്ശൂർ - ഷൊർണ്ണൂർ റൂട്ടിലാണ് യാത്ര. സുരക്ഷയുടെ ഭാഗമായി യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
ഐആർസിടിസി യാത്രക്കാർക്ക് പ്രത്യേക ഐഡി കാർഡ് നൽകി. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് തുടർന്നും ഐആർസിടിസി ടൂറിസം അയോധ്യ സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.