കാസർകോട്: നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ച കേസിൽ വീട്ടുടമ ജോസഫിന്‍റെ മകൻ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി ജീപ്പിടിച്ച് തെറിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതിയുടെ വീട്ടിലെ കേടായ മീറ്റർ മാറ്റിവച്ചതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറിൽ ചേര്‍ത്തിട്ടുണ്ട്. വീട്ടുടമ ജോസഫിനെ പ്രതി ചേർത്തിട്ടില്ല. നിലവില്‍ സന്തോഷ് ഒളിവിലാണ്.
അതേ സമയം, ഓഫിസിൽ നിന്ന് അറിയിച്ചത് അനുസരിച്ചാണ് ജോസഫിന്‍റെ വീട്ടിൽ എത്തിയതെന്ന് പരുക്കേറ്റ അരുൺ കുമാർ പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് സന്തോഷ് എത്തിയത്. ജാക്കി ലിവർ ഉപയോഗിച്ച് മർദിച്ചു. മഴയത്ത് കെഎസ്ഇബിയുടെ മഴക്കോട്ട് ധരിച്ചാണ് ബൈക്കിൽ യാത്ര ചെയ്‌തത്. ബൈക്കിന് പുറകിൽ ജീപ്പ് ഇടിച്ചു വീഴ്ത്തുകയും ചെയ്‌തു. ജോസഫിന്‍റെ വീട്ടിൽ എത്തിയപ്പോൾ വീട്ടുകാരുമായി തർക്കം ഉണ്ടായിയിരുന്നു. എന്തിനാണ് മർദിച്ചത് എന്നറിയില്ലെന്നും അരുൺ കുമാർ പറഞ്ഞു.
ഇന്നലെയാണ് മീറ്റർ മാറ്റി സ്ഥാപിക്കാൻ പോയ ജീവനക്കാരെ ആക്രമിച്ചത്. മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്‌ഇബി ജീവനക്കാരെ അറിയിച്ചു. ഇതിനിടെ വാക്കു തർക്കമുണ്ടായി. പിന്നീട് വാഹനത്തില്‍ വന്ന് ആക്രമിക്കുകയായിരുന്നു.
Also Read: തിരുവമ്പാടി കെഎസ്‌ഇബി ഓഫിസ് ആക്രമണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി