പത്തനംതിട്ട : കോന്നിയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാനുളള ശ്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ചെന്നീർക്കര പുനരധിവാസകോളനി രാജീവ് ഭവനം വീട്ടിൽ സന്ദീപ് (23), ഇലന്തൂർ ഇടപ്പരിയാരം വരട്ടുചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമൽ (21) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ തടഞ്ഞ സഹോദരനെ കാർ ഇടിച്ചു വീഴ്ത്തുകയും ചെയ്‌തു.
അടുപ്പത്തിലായിരുന്ന യുവാവുമായി യുവതി പിണങ്ങിയതിൻ്റെ വൈരാഗ്യമാണ് കാരണം. യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് തടഞ്ഞ സഹോദരനെ കാറിടിച്ച് വീഴ്‌ത്തുകയും കാറിൻ്റെ ബോണറ്റിൽ യുവാവിനെ വഹിച്ചുകൊണ്ട് കാർ സഞ്ചരിക്കുകയും ചെയ്‌തു. പിന്നീട് കാർ നാട്ടുകാർ തടഞ്ഞ് യുവതിയേയും സഹോദരനെയും രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ (സെപ്‌റ്റംബർ 06) വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതി ഇയാളുടെ സ്വഭാവദൂഷ്യം കാരണം അകന്നു. കൊന്നപ്പാറയിലൊരു കല്യാണവീട്ടിൽ എത്തിയ യുവതിയെ രണ്ടാം പ്രതി ഓടിച്ച കാറിൽ ബലം പ്രയോഗിച്ച് കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ സഹോദരനെ കാർ കൊണ്ടിടിക്കുകയായിരുന്നു.
ബോണറ്റിൽ വീണ് ഗ്ലാസിൽ പിടിച്ചുകിടന്ന ഇയാളെയും വഹിച്ച് കാർ അതിവേഗം നിർത്താതെ പാഞ്ഞു. സംഭവം കണ്ട നാട്ടുകാർ വാഹനത്തിൽ പിന്നാലെയെത്തി കാർ തടഞ്ഞുനിർത്തുകയും ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. യുവാവിന് നിസാര പരിക്കേറ്റു. നാട്ടുകാർ തടഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവാകുകയായിരുന്നു.
മോഷണം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി എട്ടുകേസുകളിൽ പ്രതിയാണ് രണ്ടാം പ്രതി ആരോമൽ. നാല് കേസുകൾ പന്തളത്തും രണ്ടു വീതം പത്തനംതിട്ട ആറന്മുള സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിൽ ഒരുകേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.