ഇടുക്കി: കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ് എന്ന രാമപുരം സാബു, കൊല്ലരോട്ട് ബാബു ഫ്രാൻസിസ്, വാലേപ്പറമ്പിൽ ഉസ്‌റ സുരേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌തു. കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലാണ് ഓട്ടോ ഡ്രൈവറായ പേഴുംകവല സ്വദേശി സുനിൽകുമാറിനെ അഞ്ച് പേർ ചേർന്ന് അതിദാരുണമായി മർദ്ദിച്ചത്. സ്ഥലതർക്കത്തിന്‍റെ പേരിലാണ് സംഘം ചേർന്ന് ആക്രമിച്ചത്.
കട്ടപ്പന നഗരത്തിൽ നടുറോഡിലായിരുന്നു ആക്രമണം. ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു മർദ്ദനം. ആക്രമണം തടയാൻ ശ്രമിച്ച വാഹന യാത്രക്കാരെയും ആക്രമി സംഘം വിരട്ടിയോടിച്ചു. സാരമായി പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.