കണ്ണൂർ: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആധ്യാത്മിക പ്രഭാഷകനുമായിരുന്ന ആർഎസ്എസ് നേതാവുമായ ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി എംവി മർസൂക്ക് മാത്രം കുറ്റക്കാരന്‍. 14 പ്രതികളില്‍ 13 പേരെയും വെറുതെവിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്.
എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് കേസിൽ പ്രതികളായി ഉണ്ടായിരുന്നത്. 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രോസിക്യൂഷൻ കേസിൽ 42 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 57 തൊണ്ടിമുതലുകളും 85 രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകത്തെ തുടർന്ന് ഇരിട്ടി പൊലീസ് ഡിവിഷൻ പരിധിയിൽ 120 അക്രമ സംഭവങ്ങൾ ഉണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ പ്രഥമ റിപ്പോർട്ട് രജിസ്‌റ്റർ വിചാരണവേളയിൽ കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒന്നും രണ്ടും പ്രതികൾ സംഭവം നടന്നിട്ട് ആറ് വർഷത്തിന് ശേഷമാണ് കോടതിയിൽ ഹാജരായായത്. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. ഒന്ന് മുതൽ നാല് വരെ പ്രതികൾ ബസിനകത്ത് അക്രമം നടത്തിയെന്നും, അഞ്ച് മുതൽ ഒമ്പത് വരെ പ്രതികൾ ബസിനെ ജീപ്പിൽ പിന്തുടർന്ന് റോഡിൽ ബോംബെറിയുകയും ആളുകളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
ജീപ്പിലെത്തിയ പ്രതികൾ ഒന്ന് മുതൽ നാല് വരെ പ്രതികളെ രക്ഷപ്പെടുത്തിക്കൊണ്ടുപോയി. 10 മുതൽ 12 വരെ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും 13, 14 പ്രതികൾ ബോംബ് നിർമിക്കാൻ ആവശ്യമായ സ്ഫോടകവസ്‌തുക്കൾ വാങ്ങി നൽകിയെന്നുമാണ് കേസ്.
കണ്ണൂരിനെ നടുക്കിയ കേസ്: 2005 മാർച്ച് 10ന് രാവിലെ പത്തേകാലോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞു നിർത്തിയാണ് കൊലപ്പെടുത്തിയത്.
ഇരിട്ടി പ്രകൃതി കോളജ് അധ്യാപകനായിരുന്നു അശ്വനി കുമാർ. വെമ്പടിയിലെ പുതിയവീട്ടിൽ അസീസ് (42), മയ്യിൽ കണ്ണാടി പറമ്പത്ത് കുഞ്ഞറക്കൽ തയ്യാട വളപ്പിൽ നുഹുൽ അമീൻ (40), ചാവശ്ശേരി നരയൻ പറമ്പ് സ്വദേശി എംവി മർസൂക്ക് (38), പിഎം സിറാജ് (42), ശിവപുരം സ്വദേശി പിഎം സിറാജ് (42), സിപി ഉമ്മർ (40), ഉളിയിൽ സ്വദേശി എംകെ യൂനസ് (43), ആർകെ അലി (45), ചാവശേരി സ്വദേശി ടികെ ഷമീർ (38), പാലോട്ട് പള്ളി സ്വദേശി നൗഫൽ (39), യാക്കൂബ് (41), ഉളിയിൽ സ്വദേശി മുസ്‌തഫ(47), കീഴൂർ സ്വദേശി ബഷീർ (53), ഇരിക്കൂർ സ്വദേശി ഷമ്മാസ്(35), കെ ഷാനവാസ് (35) എന്നിവരാണ് കേസിലെ പ്രതികൾ.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് തോമസ് അഡ്വക്കേറ്റ് പി പ്രേമരാജൻ എന്നിവർ ഹാജരായി. പ്രതി ഭാഗത്തിന് വേണ്ടി അഡ്വക്കറ്റ് പിസി നൗഷാദ് അഡ്വക്കറ്റ് രഞ്ജിത്ത് മാരാർ എന്നിവരാണ് ഹാജരായത്.