കൊല്ലം : പരവൂർ മുൻസിഫ് കോടതിയിലെ അസിസ്‌റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ (എ പി പി) അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എ പി പി ശ്യാം കൃഷ്‌ണ, ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻസ് അബ്‌ദുൽ ജലീൽ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം.
അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്ന് ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരി 21ന് ആണ് അനീഷ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേലധികാരിയിൽ നിന്നും സഹപ്രവർത്തകനിൽ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കൾക്കും പരവൂരിലെ മജിസ്ട്രേറ്റിനും മരിക്കുന്നതിന് മുൻപ് അനീഷ്യ ശബ്‌ദ സന്ദേശം അയച്ചിരുന്നു.
Also Read: കാസർകോട് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു
കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതികളായ അബ്‌ദുൽ ജലീൽ, ശ്യാം കൃഷ്‌ണ എന്നിവർക്കെതിരെ അച്ചടക്ക നടപടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇരുവരെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.